തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മിനിമം യോഗ്യത; ഹരിയാന നിയമത്തിന്  സുപ്രിംകോടതി അംഗീകാരം

ന്യൂഡല്‍ഹി: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് മിനിമം യോഗ്യത വേണമെന്ന് ഹരിയാന നിയമസഭ പാസാക്കിയ നിയമം സുപ്രിംകോടതി അംഗീകരിച്ചു. ഇതു സംബന്ധമായി സംസ്ഥാന നിയമസഭ നടത്തിയ ഭേദഗതിയെ ചോദ്യംചെയ്ത് കോടതിയില്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിന്‍മേല്‍ തീര്‍പ്പു കല്‍പിക്കുകയായിരുന്നു സുപ്രിംകോടതി. ഭരണഘടനാപരമായി സാധുതയുള്ളതാണ് നിയമമെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഈ വര്‍ഷം പാസ്സാക്കിയ ഹരിയാന പഞ്ചായത്തീരാജ് ഭേദഗതി നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കാന്‍ മിനിമം യോഗ്യതയായി പത്താം ക്ലാസ് നിശ്ചയിച്ചിരുന്നു. സ്ത്രീകള്‍ക്ക് എട്ടും ദലിതുകള്‍ക്ക് അഞ്ചും ക്ലാസാണ് യോഗ്യത. എന്നാല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് സപ്തംബറില്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. നിയമത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹരജികള്‍ പരിഗണിച്ചായിരുന്നു കോടതി ഇടപെട്ടത്.
നിയമം കോടതി കയറിയതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് നീട്ടി വയ്‌ക്കേണ്ടി വരികയും ചെയ്തു. നേരത്തെ വിഷയത്തില്‍ വാദം കേള്‍ക്കുന്ന തിനിടെ നിയമത്തിന്റെ പ്രതികൂല വശങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു മിനിമം യോഗ്യത പ്രാബല്യത്തില്‍ കൊണ്ട് വരികയാണെങ്കില്‍ രാജ്യത്തെ പകുതി പേര്‍ക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. തുല്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പൗരന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ടും ഇത് ഗൗരവമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും കോടതി പറഞ്ഞിരുന്നു.
എന്നാല്‍, പാര്‍ലമെന്റിന് പോലും മാതൃകയാക്കാവുന്ന നടപടിയാണ് ഹരിയാന സര്‍ക്കാരിന്റെത് എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. പ്രസ്തുത നിയമം സംസ്ഥാനത്തെ നല്ലൊരു വിഭാഗം സാധാരണക്കാരെയും സ്ഥാനാര്‍ഥിയാവുന്നതില്‍ നിന്ന് വിലക്കുന്നതാണെന്നും സംസ്ഥാനത്തിന്റെ സാമൂഹിക യാഥാര്‍ഥ്യം പരിഗണിക്കാതെയുള്ളതാണെന്നുമുള്ള ആരോപണം വിവിധ കോണുകളില്‍ നിന്നു നേരത്തെ ഉയര്‍—ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നത് മൗലികാവകാശമല്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നുമായിരുന്നു ഹരിയാന സര്‍ക്കാരിന്റെ വാദം.
Next Story

RELATED STORIES

Share it