തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യം ജനങ്ങളും പാര്‍ട്ടിയും തീരുമാനിക്കുമെന്ന് വി എസ്

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളും പാര്‍ട്ടിയുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ അഭിലാഷം അറിഞ്ഞശേഷം മാത്രമേ മല്‍സരിക്കുകയുള്ളൂ. മുന്നണിയെ ആര് നയിക്കുമെന്നു തീരുമാനിക്കേണ്ടത് എല്‍ഡിഎഫിലെ പാര്‍ട്ടികളാണെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതി കാണിക്കുന്നതില്‍ ഗവേഷണം നടത്തുന്നതിനാല്‍ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സമയമില്ല. സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ സാധനങ്ങളൊന്നും കിട്ടാനില്ല. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ മുങ്ങിത്താണ് പൂട്ടിക്കെട്ടുന്ന അവസ്ഥയിലാണ്. ഉമ്മന്‍ചാണ്ടിയും കൂട്ടരും അഴിമതികളില്‍ മാത്രം ഉണ്ണുകയും ഉറങ്ങുകയും ചെയ്ത് കാലം കഴിക്കുകയാണ്. അഴിമതിയുടെ തോത് ഓരോ ദിവസവും വര്‍ധിപ്പിക്കുന്നതില്‍ മന്ത്രിമാര്‍ മല്‍സരിക്കുന്നു. എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നാലും അഞ്ചും ഇരട്ടി വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വിലനിലവാരം പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരുന്ന എല്ലാ നടപടികളും കാറ്റില്‍പ്പറത്തി പൊതുവിതരണം, കണ്‍സ്യൂമര്‍ ഫെഡ്, സപ്ലൈകോ എന്നിവ അപ്പാടെ കട്ടുമുടിച്ച് ജനങ്ങളെ കഷ്ടത്തിലാക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ നടത്തിവരുന്നത്. അത് ഓരോ വര്‍ഷം കഴിയുന്തോറും ശക്തിപ്പെട്ടു വരുകയും ഇപ്പോള്‍ എല്ലാ സീമയും ലംഘിച്ച് ഉയര്‍ന്നിരിക്കുകയുമാണ്. എല്‍ഡിഎഫ് സര്‍ക്കാരുകളുടെയും കാലത്ത് പൊതുവിതരണ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചിരുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിനെ വളര്‍ത്തുകയാണെന്നും വി എസ് കുറ്റപ്പെടുത്തി. ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നതിലൂടെ ഗുരുവിനെയും ശ്രീനാരായണീയരെയും അപഹസിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ പുതപ്പു മാറ്റി ആര്‍എസ്എസിന്റെ പുതപ്പ് അണിഞ്ഞിരിക്കുകയാണ് വെള്ളാപ്പള്ളി. ശ്രീനാരായണീയര്‍ക്ക് ഇനി വെള്ളാപ്പള്ളിയില്‍ പ്രതീക്ഷയില്ല. സ്വന്തം സമുദായക്കാരെ പോലും പണയപ്പെടുത്തിയാണ് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി പണം സമ്പാദിച്ചത്. പിന്നാക്കവികസന കോര്‍പറേഷന്‍ അനുവദിക്കുന്ന തുകയ്ക്ക് അഞ്ചുശതമാനം പലിശ മാത്രമെ വാങ്ങാവൂ എന്ന ചട്ടമുള്ളപ്പോള്‍ മൂന്നിരട്ടി പലിശയാണ് വെള്ളാപ്പള്ളി വാങ്ങുന്നത്. മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെതിരേ താന്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it