kannur local

തിരഞ്ഞെടുപ്പില്‍ നേട്ടമെന്ന് കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയതായി ഡിസിസി നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. കൂടുതല്‍ നഗരസഭകളുടെ ഭരണം നേടാനായെന്നു മാത്രമല്ല, ഇതുവരെ കോണ്‍ഗ്രസിനു കടന്നുചെല്ലാനാവാത്ത 10 പഞ്ചായത്തുകളില്‍ പ്രതിനിധികളെ വിജയിപ്പിക്കാന്‍ സാധിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റികള്‍ക്ക് രൂപം നല്‍കാന്‍ യോഗം നേതാക്കള്‍ക്ക് ചുമതല നല്‍കി.
കണ്ണൂര്‍ കോര്‍പറേഷനിലെ കാര്യങ്ങള്‍ കെപിസിസി നിയോഗിച്ച സമിതി ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ സജീവമാക്കാനും നേതാക്കള്‍ക്ക് ചുമതല നല്‍കി. തിരഞ്ഞെടുപ്പിനു ശേഷം ജില്ലയില്‍ പലയിടങ്ങളിലും സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള അക്രമം തുടരുകയാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി പോലിസ് സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മന്ത്രി കെ സി ജോസഫ്, മുന്‍ മന്ത്രിമാരായ കെ സുധാകരന്‍, കെ പി നുറുദ്ദീന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, സുമ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, എ പി അബ്ദുല്ലക്കുട്ടി എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, എം നാരായണന്‍കുട്ടി, കെ സി കടമ്പൂരാന്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it