തിരഞ്ഞെടുപ്പിലെ ചരിത്ര ചര്‍ച്ച

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

രണ്ടു വിഷയങ്ങള്‍ കേരള തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുന്നു. ഒന്ന്, നവമാധ്യമങ്ങളാണ്. രണ്ടാമത്തേത്, ജനസംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധവും. ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ രാഷ്ട്രീയ ഇടപെടല്‍ ആരംഭിച്ചതോടെയാണ് നവമാധ്യമങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ കൊണ്ടുപിടിച്ച ചര്‍ച്ചയായത്. ഇഎംഎസ് ജനസംഘവുമായി 77ല്‍ തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കി എന്ന വിഷയമാണു മറ്റൊന്ന്. 19 വര്‍ഷം മുമ്പ് 1997 ജൂലൈയില്‍ ഈ ലേഖകന്‍ ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ഓഫിസ് സന്ദര്‍ശിക്കുകയുണ്ടായി. ക്യൂബയ്‌ക്കെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഏറ്റവും രൂക്ഷമായ ഘട്ടമായിരുന്നു അത്.
അതേക്കുറിച്ച് സംസാരിച്ച ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റിയംഗം സംസാരമധ്യേ കംപ്യൂട്ടര്‍ വഴിയുള്ള ആശയവിനിമയ സംവിധാനത്തെക്കുറിച്ച് പരാമര്‍ശിച്ചത് ഈ ചര്‍ച്ചകള്‍ ഓര്‍മപ്പെടുത്തുന്നു. ക്യൂബയെ വരിഞ്ഞുമുറുക്കുന്ന, ഒറ്റപ്പെടുത്തുന്ന ഉപരോധത്തെ ചെറുത്തുതോല്‍പിക്കുന്നത് കംപ്യൂട്ടര്‍ വഴിയുള്ള ഇടപെടലുകളിലൂടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. കംപ്യൂട്ടറിന്റെയും ഇ-മെയിലിന്റെയും ആ തലത്തില്‍നിന്നാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും വാട്‌സ്ആപ്പും മറ്റും വികസിച്ചത്.
കോണ്‍ഗ്രസ്സുകാരും മറ്റും ഇടതുപക്ഷത്തെ പരിഹസിക്കുന്നത് കംപ്യൂട്ടര്‍ തുടങ്ങിയ ശാസ്ത്ര സാങ്കേതിക പുരോഗതിയെ എതിര്‍ക്കുന്നവരും അതിന് പുറംതിരിഞ്ഞു നില്‍ക്കുന്നവരുമായാണ്. തൊഴിലില്ലായ്മയെയും തൊഴില്‍സാധ്യതകളെയും പരിഗണിക്കാതെ കംപ്യൂട്ടര്‍വല്‍ക്കരണം ഏര്‍പ്പെടുത്താന്‍ ശ്രമങ്ങളുണ്ടായ ആദ്യഘട്ടങ്ങളില്‍ ഇടതുപക്ഷ ട്രേഡ് യൂനിയനുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അതിനെതിരേ നിലപാടെടുത്തിട്ടുണ്ട്. അതിനര്‍ഥം വികസിച്ചുവരുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് മുഖംതിരിഞ്ഞുനിന്ന് എതിര്‍ക്കുന്നവരാണ് മാര്‍ക്‌സിസ്റ്റുകള്‍ എന്നല്ല. മനുഷ്യനെ ബഹിരാകാശത്തേക്കയക്കുന്നതിന്റെ ആദ്യ കാല്‍വയ്‌പെന്ന നിലയില്‍ 50കളുടെ ആദ്യം സ്പുട്‌നിക് വിജയകരമായി ബഹിരാകാശത്തേക്കയച്ചത് സോവിയറ്റ് യൂനിയനായിരുന്നു. അമേരിക്കന്‍ ശാസ്ത്രജ്ഞരെയടക്കം അതു ഞെട്ടിച്ചു. നവമാധ്യമങ്ങളെ എങ്ങനെ സമൂഹത്തിനും ഭരണകൂടത്തിനും അനുകൂലമായി ഉപയോഗിക്കാം എന്നത് ലോകത്തിന് കാണിച്ചുകൊടുത്തതില്‍ ക്യൂബ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പുത്തന്‍ സാങ്കേതികവിദ്യകളോട് കമ്മ്യൂണിസ്റ്റുകള്‍ തെറ്റായ കാഴ്ചപ്പാടും നിലപാടുകളും പുലര്‍ത്തിയിട്ടില്ലെന്ന് പറയാനാവില്ല. ട്രാക്ടര്‍ വിരുദ്ധ സമരംതൊട്ട് കംപ്യൂട്ടര്‍ വിരുദ്ധ നിലപാടുവരെയുള്ള യാഥാസ്ഥിതിക മുരടന്‍ നിലപാടുകള്‍ മര്‍ക്കടമുഷ്ടിയോടെ തുടര്‍ന്നുപോന്നിട്ടുണ്ട്. ഈജിപ്തിലും മറ്റും മുല്ലപ്പൂ വിപ്ലവങ്ങള്‍ തുടങ്ങുന്നതിനും അത് ഡല്‍ഹിയില്‍ അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് ജനപിന്തുണ സൃഷ്ടിക്കുന്നതിലും ആം ആദ്മി പാര്‍ട്ടിയുടെ ജന്മത്തിനും വരെ ഇടയാക്കുകയും ചെയ്തു. ഈ സംഭവവികാസങ്ങളെ തൊഴിലാളിവര്‍ഗവിരുദ്ധ രാഷ്ട്രീയ നീക്കങ്ങളായി അവഗണിക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് സിപിഎം.
ആധുനിക സാങ്കേതികവിദ്യകളുടെ ചുവടുവയ്പുകളും വളര്‍ച്ചയുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയും പഠിച്ചും ഉപയോഗിക്കുക എന്നത് യഥാര്‍ഥ മാര്‍ക്‌സിസ്റ്റ് നിലപാടിന്റെ അന്തസ്സത്തയാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെ മാര്‍ക്‌സിസവും അതു കൈകാര്യം ചെയ്യുന്ന പ്രസ്ഥാനവും നവലോകത്തിനു മുമ്പിലെ റിപ്പ് വാന്‍ റിങ്കിള്‍മാരാണെന്ന മട്ടില്‍ വിലയിരുത്തുന്നതും അപഹസിക്കുന്നതും വിവരക്കേടാണ്.
1977ല്‍ സിപിഎം ജനസംഘവുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയെന്നും ഇഎംഎസ് അതിന്റെ ആസൂത്രകനായിരുന്നെന്നും കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടു. ചര്‍ച്ചകളില്‍ പങ്കെടുത്ത് സിപിഎം വക്താക്കള്‍പോലും അടിയന്തരാവസ്ഥയെ നേരിടാനാണ് അതു ചെയ്യേണ്ടിവന്നതെന്ന നിലപാടാണെടുത്തത്. അര്‍ധ ഫാഷിസ്റ്റ് വാഴ്ചയെ എതിര്‍ത്തുതോല്‍പിക്കാന്‍ ജനസംഘം അടക്കമുള്ള ഏതു ചെകുത്താനുമായും കൂട്ടുകൂടുന്നതിനെയും അവര്‍ താത്വികമായി ന്യായീകരിച്ചു. ഇപ്പോള്‍ സിപിഎമ്മിനെ ക്ഷീണിപ്പിക്കാന്‍ 77ലെ ചരിത്രം രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിക്കുന്നവര്‍ ചരിത്രം കൃത്യമായും സത്യമായും വായിച്ചുപഠിക്കേണ്ടിയിരിക്കുന്നു.
അഴിമതിക്കെതിരായ പ്രക്ഷോഭത്തിന് എഴുപതുകളുടെ മധ്യത്തില്‍ നേതൃത്വം നല്‍കിയത് ജയപ്രകാശ് നാരായണനാണ്. സിപിഎം ആദ്യം ആ പ്രസ്ഥാനത്തില്‍നിന്നു വിട്ടുനിന്നു. പിന്നീട് പിന്തുണ പ്രഖ്യാപിച്ചു. ജെപി പ്രസ്ഥാനം ഏറ്റവും ഉയര്‍ന്ന ഘട്ടത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മന്ത്രിസഭയെപ്പോലും നോക്കുകുത്തിയാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജെപിയടക്കമുള്ള നേതാക്കളെ മാത്രമല്ല, കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്ന സിപിഐ ഒഴിച്ചുള്ള ഇടതുപക്ഷ നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ എടുത്തുകളഞ്ഞു. രാജ്യം ഇരുട്ടിലായി.
1977 ആദ്യം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിക്കാതെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതയായി. ആ സന്ദര്‍ഭത്തില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് ജെപിയുടെ അനുഗ്രഹാശിസ്സുകളോടെ ജനതാ പാര്‍ട്ടി പിറന്നത്. ജയിലില്‍ കിടന്നിരുന്ന ജനസംഘം മുതല്‍ കോണ്‍ഗ്രസ്സിലും സിപിഎം ഒഴിച്ചുള്ള മറ്റു പാര്‍ട്ടികളിലുമുള്ള നേതാക്കള്‍ ജനതാ പാര്‍ട്ടിയുടെ ഭാഗമായി. ജയിലിനു പുറത്ത് രാഷ്ട്രീയഭേദമെന്യേ ജനങ്ങള്‍ ആ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ജനതാ പാര്‍ട്ടിയുമായാണ് സിപിഎം തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയത്; ജനസംഘവുമായല്ല. അടിയന്തരാവസ്ഥയെ തോല്‍പിക്കാനുള്ള രാഷ്ട്രീയനീക്കമെന്ന നിലയില്‍. ആ തീരുമാനത്തിന്റെ ഭാഗമായി ജനസംഘം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കാന്‍ സിപിഎമ്മുകാരും സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കാന്‍ ജനസംഘക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. അതെല്ലാം ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ എന്ന നിലയ്ക്കായിരുന്നു.
മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന് ഏറെ കഴിയും മുമ്പ് രാജ് നാരായണനും മഥുലിമായയും പോലുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍ ജനതാ പാര്‍ട്ടിയില്‍ ജനസംഘക്കാര്‍ക്ക് അംഗത്വം നല്‍കിയ പ്രശ്‌നം ഉന്നയിച്ചു. ഇരട്ട അംഗത്വ പ്രശ്‌നം വലിയ വിവാദമായി. കേന്ദ്രഭരണത്തിലിരുന്ന് ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ആര്‍എസ്എസ് ദുരുപയോഗപ്പെടുത്തുകയാണെന്ന പ്രശ്‌നം ജനതാ പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിച്ചു. ഈ ഘട്ടത്തിലാണ് സിപിഎം ജനതാ പാര്‍ട്ടിക്കകത്തെ ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ച് മൊറാര്‍ജി ദേശായി ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇതിനെതിരേ ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ബംഗാളില്‍നിന്നുള്ള വലിയൊരുവിഭാഗം നിലപാടെടുത്തിരുന്നു. തീക്ഷ്ണമായ ചര്‍ച്ചയ്ക്കുശേഷം കേന്ദ്രനേതൃത്വമെടുത്ത തീരുമാനം ഭൂരിപക്ഷ പിന്തുണയോടെ സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ജനതാ ഗവണ്‍മെന്റ് തകര്‍ന്നുവീണു. പിറകെ ഇന്ദിരാഗാന്ധിയുടെ ഗവണ്‍മെന്റ് അധികാരത്തിലെത്തി.
രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഐ ഗവണ്‍മെന്റിനെ പരാജയപ്പെടുത്തി വി പി സിങിന്റെ നേതൃത്വത്തില്‍ ജനതാദള്‍ ഉള്‍പ്പെട്ട ദേശീയ മുന്നണി അധികാരത്തില്‍ വന്നു. ഇക്കാര്യത്തിലും ജനസംഘത്തിന്റെ പിന്തുടര്‍ച്ചക്കാരായ ബിജെപിയുമായി സിപിഎം കൂട്ടുകൂടി എന്നാണ് ഇപ്പോള്‍ ആക്ഷേപിക്കുന്നത്.
വി പി സിങും ജനതാദളും ജനസംഘത്തിന്റെ പുതിയ രൂപമായ ബിജെപിയുടെ പിന്തുണ സ്വീകരിക്കാന്‍പാടില്ലെന്ന ഉറച്ച നിലപാടാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ എടുത്തിരുന്നത്. മറിച്ചായിരുന്നു വി പി സിങിന്റെ നിലപാട്. ബിജെപി ഉള്‍പ്പെട്ട വി പി സിങ് മന്ത്രിസഭയ്ക്ക് സിപിഎം പുറത്തുനിന്നാണു പിന്തുണ നല്‍കിയത്. ബിജെപിയുടെ പിന്തുണ ഇടതുപക്ഷ കക്ഷികളുടെ നിലപാട് വകവയ്ക്കാതെ സ്വീകരിച്ചത് തെറ്റായിപ്പോയി എന്ന് വി പി സിങ് പിന്നീട് സ്വയം വിമര്‍ശനം നടത്തി. ബിജെപിയുടെ വളര്‍ച്ചയ്ക്കും ബാബരി മസ്ജിദിന്റെയും മതനിരപേക്ഷ നിലപാടുകളുടെയും തകര്‍ച്ചയ്ക്കും തന്റെ തീരുമാനം ഇടയാക്കിയെന്ന് വി പി സിങ് തുറന്നുസമ്മതിച്ചു. ഈ ചരിത്രവസ്തുതകളുടെ പുറത്തിരുന്നാണ് തെറ്റായ രാഷ്ട്രീയ വിശകലനങ്ങളും പ്രചാരണങ്ങളും ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ി

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)
Next Story

RELATED STORIES

Share it