ernakulam local

തിരഞ്ഞെടുപ്പിന് ഇനി 21 ദിവസം; പോരാട്ടച്ചൂടില്‍ രാജനഗരി

തൃപ്പൂണിത്തുറ: നിയമസഭാ തിരഞ്ഞെടുപ്പിന് 21 ദിവസം മാത്രം ബാക്കി നില്‍ക്കേ രാജപാരമ്പര്യത്തിന്റെയും കഥകളിയുടെയും വളക്കൂറുള്ള തൃപ്പൂണിത്തുറയില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്.
കഴിഞ്ഞ 25 വര്‍ഷമായി തൃപ്പൂണിത്തുറയുടെ എംഎല്‍എയായി തുടരുന്ന മന്ത്രി കെ ബാബുവിനെ തന്നെയാണ് യുഡിഎഫ് ഇത്തവണയും രംഗത്തിറക്കിയിരിക്കുന്നത്. ആറാം തവണയും വിജയിക്കുകയെന്ന മോഹവുമായി പോരാട്ടത്തിനിറങ്ങിയ ബാബുവിനെ ഇത്തവണ പിടിച്ചുകെട്ടുകയെന്ന ലക്ഷ്യത്തോടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ യുവനേതാവ് എം സ്വരാജിനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
ബാര്‍ കോഴക്കേസില്‍ ഉയര്‍ന്ന ആരോപണം കെ ബാബുവിന്റെ ഇമേജിന് കോട്ടം തട്ടിയതായി പറച്ചിലുണ്ടെങ്കിലും കഴിഞ്ഞ 25 വര്‍ഷമായി മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടിയാണ് കെ ബാബു ഇക്കുറിയും വോട്ടു തേടുന്നത്.
ആരോപണ വിധേയരെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കരുതെന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നിലപാടിനെ തുടര്‍ന്ന് ബാബുവിന് ഇത്തവണ മല്‍സരിക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം ബാബുവിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ പ്രചരണ രംഗത്ത് പിന്നിലായിരുന്നുവെങ്കിലും കെ ബാബുവിനെ അത് കാര്യമായി ബാധിച്ചിട്ടില്ല. കാരണം ഒരേ മണ്ഡലത്തില്‍ തന്നെ കാല്‍ നൂറ്റാണ്ടായി എംഎല്‍എയായി തുടരുന്നത് തന്നെയാണ് അദ്ദേഹത്തെ സംബന്ധിച്ച പ്ലസ് പോയിന്റ്. 1991 ല്‍ എറണാകുളം ഡിസിസി സെക്രട്ടറിയായിരിക്കെയാണ് തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ കെ ബാബു നിയോഗിക്കപ്പെടുന്നത്.
ഈ നിയോഗം ഏറ്റെടുത്ത കെ ബാബു എല്‍ഡിഎഫ് കോട്ടയില്‍ വിജയക്കൊടി നാട്ടി. കരുത്തനായ സിപിഎം നേതാവ് എം എം ലോറന്‍സിനെയാണ് കന്നി അങ്കത്തില്‍ കെ ബാബു പരാജയപ്പെടുത്തിയത്. 1996 ല്‍ ഗോപി കോട്ടമുറിക്കല്‍, 2001 ല്‍ കെ ചന്ദ്രന്‍ പിള്ള, 2006 ല്‍ കെ എന്‍ രവീന്ദ്രനാഥ്, 2011 ല്‍ സി എം ദിനേശ് മണി തുടങ്ങിയവരാണ് കെ ബാബുവിനോട് പരാജയപ്പെട്ട മറ്റു സിപിഎം സ്ഥാനാര്‍ഥികള്‍.
എന്നാല്‍ കാല്‍ നൂറ്റാണ്ടു മുമ്പുവരെ എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന തൃപ്പൂണിത്തുറ ഇത്തവണ ഏതു വിധേനയും തിരിച്ചു പിടിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ പാര്‍ടി ജില്ലാ സെക്രട്ടറി പി രാജീവ് ഉള്‍പ്പെടെയുള്ളവരെ സിപിഎം പരിഗണിച്ചിരുന്നുവെങ്കിലും അവസാനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിനായിരുന്നു നറുക്കു വീണത്. പാര്‍ടി സംഘടനാ തലത്തില്‍ കഴിവു തെളിയിച്ചിട്ടുണ്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജിന് ഇത് കന്നിയങ്കമാണ്. എന്നാല്‍ അതിന്റേതായ യാതൊരു അങ്കലാപ്പും പ്രചരണ രംഗത്ത് സ്വരാജില്‍ കാണാനില്ല. ശക്തമായ പ്രചരണമാണ് തൃപ്പൂണിത്തുറയില്‍ സ്വരാജ് കാഴ്ച വയ്ക്കുന്നത്.
ബാര്‍ കോഴ ആരോപണം അടക്കമുളള വിഷയം ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് പ്രധാനമായും പ്രചരണം നടത്തുന്നത്. തൃപ്പൂണിത്തുറയുടെ ഒരോ മുക്കിലും മൂലയിലും വരെ സ്വരാജ് എത്തുന്നുണ്ട്. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുകയെന്ന രീതിയാണ് എല്‍ഡിഎഫ് നടത്തുന്നത്. വി എസ് പക്ഷത്തിന് ശക്തമായ മുന്‍തൂക്കമുള്ള പ്രദേശമാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഉദയംപേരൂര്‍. ഇവിടെ ഒരു വിഭാഗം വിമതരായി നിലകൊള്ളുന്നത് പാര്‍ടിക്ക് തലവേദനയാവുന്നുണ്ടെങ്കിലും ഇവരെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താന്‍ പാര്‍ടി നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നുണ്ട്. വിമതരുമായി പല വട്ടം ചര്‍ച്ച നടത്തി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് വിവരം.
എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് കൂടിയായ പള്ളുരുത്തി സ്വദേശി സുധീര്‍ യൂസഫിനെയാണ് മല്‍സരത്തിനായി ഇറക്കിയിരിക്കുന്നത്. ഓട്ടോ തൊഴിലാളി മേഖലകളില്‍ നിന്നുമാണ് സുധീര്‍ യുസഫ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വരുന്നത്.
തൊഴിലാളി യൂനിയന്‍ മേഖലകളില്‍ ശക്തമായി നിലകൊണ്ടിരുന്ന സുധീര്‍ യൂസഫ് കൊച്ചിന്‍ ഹാര്‍ബര്‍, ടാറ്റ തെറ്റ്‌ലി എന്നിവടങ്ങളില്‍ നടന്ന തൊഴില്‍ സമരങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. ഈ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനിലേക്ക് സുധീര്‍ മല്‍സരിച്ചിരുന്നു.
തുറവൂര്‍ വിശ്വംഭരനെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. പിഡിപിയുടെ സ്ഥാനാര്‍ഥിയായി കെ കെ ഫൈസലും മല്‍സരരംഗത്തുണ്ട്.
Next Story

RELATED STORIES

Share it