kannur local

തിരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്; ജില്ലാ കണ്‍വന്‍ഷന്‍ 29ന്

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യുഡിഎഫ് തുടങ്ങി. ജില്ലാ കണ്‍വന്‍ഷന്‍ 29ന് ഉച്ചയ്ക്കു 2നു താണ സാധു കല്ല്യാണ മണ്ഡപത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള പദ്ധതി കണ്‍വന്‍ഷനില്‍ ആവിഷ്‌കരിക്കും.
കണ്ണൂര്‍ വിമാനത്താവളം തന്നെയാണു പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി ഉടനടി വേണമെന്ന് കണ്‍വന്‍ഷനില്‍ ആവശ്യപ്പെടും. കണ്ണൂരിനെ കോര്‍പറേഷനാക്കി ഉയര്‍ത്തിയതും നാലു നഗരസഭകള്‍ അനുവദിച്ചതും നേട്ടമാണ്. കെഎസ്ടിപി പോലുള്ള വന്‍കിട റോഡ് പദ്ധതികള്‍ ആവഷ്‌കരിച്ചത്, മൊയ്തുപാലം പുതിയപാലം ഉദ്ഘാടനം തുടങ്ങിയ സര്‍ക്കാര്‍ നേട്ടങ്ങളെല്ലാം ജനങ്ങളിലേക്കെത്തിക്കുന്ന വിധത്തിലുള്ള പ്രചാരണത്തിനാണു മുന്‍തൂക്കം നല്‍കുക. യുഡിഎഫില്‍ സീറ്റ് നിര്‍ണയത്തിനു ജില്ലാസമിതികള്‍ രൂപീകരിക്കുമെങ്കിലും കോണ്‍ഗ്രസ്സിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുമെന്നാണു സൂചന. പിളര്‍ന്നതോടെ ജില്ലയില്‍ സിഎംപിക്കു സീറ്റ് നല്‍കാനിടയില്ലെന്ന് ഏതാണ്ടുറപ്പാണ്.
മുമ്പ് അഴീക്കോട് സീറ്റ് സിഎംപിക്കു നല്‍കിയിരുന്നെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ കഴിഞ്ഞ തവണ ലീഗിനു നല്‍കിയപ്പോള്‍ ജയിച്ചതിനാല്‍ ഇക്കുറിയും ലീഗിനു തന്നെയാവും. സിപിഎമ്മിനും ബിജെപിക്കുമെതിരായ കുറ്റപത്രത്തിനൊപ്പം തന്നെ ഭരണത്തുടര്‍ച്ചയ്ക്ക് ആവശ്യമായ പദ്ധതികള്‍ കണ്‍വന്‍ഷനില്‍ തയ്യാറാക്കും.
വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ, കണ്‍വീനര്‍ വി കെ അബ്ദുല്‍ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, സി എ അജീര്‍, ഇല്ലിക്കല്‍ ആഗസ്തി, ജോയിസ് പുത്തന്‍പുര, വി വി കുഞ്ഞിരാമന്‍, ദാസന്‍ പാരിപ്പള്ളി, വല്‍സന്‍ അത്തിക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it