Alappuzha local

തിരക്കുകള്‍ക്കിടയിലും കൃഷിയെ കൈവിടാതെ രജനി

ചാരുംമൂട്: ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും കൃഷിയെ കൈവിടാത്ത രജനി ജയദേവിന് അംഗീകാരങ്ങള്‍ കരുത്താവുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കറ്റാനം ഭരണിക്കാവ് പാറയ്ക്കല്‍ രജനി ജയദേവി നാണു ജില്ലയിലെ മികച്ച കര്‍ഷകനുള്ള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചത്.
ഇലക്ട്രോണിക്‌സ് എന്‍ജിനീയറായ രജനി ജയദേവ് പതിനെട്ട് വര്‍ഷക്കാലം കെല്‍ട്രോണില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ദുബായിലും ജോലി നോക്കി. ഏഴ് വര്‍ഷം മുമ്പ് നാട്ടിലെത്തിയ ശേഷമായിരുന്നു ചെറുപ്പം മുതല്‍ കൃഷിയോടുണ്ടായിരുന്ന താത്പര്യം യാഥാര്‍ത്ഥ്യമാക്കാനായത്.
വീടിനോടു ചേര്‍ന്നുള്ള അഞ്ച് ഏക്കര്‍ നിറയെ വിവിധങ്ങളായ കൃഷികള്‍ ഇറക്കി. പച്ചക്കറികളാണധികവും. നാടന്‍ പച്ചക്കറി കള്‍ക്കൊപ്പം കാബേജും, കാരറ്റുമൊക്കെയും കൃഷി ചെയ്യുന്നുണ്ട്. വിവിധയിനം വാഴകള്‍, ഓമകള്‍ എന്നിവയുമുണ്ട്. ജൈവവളങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. അഞ്ചേക്കറിനുള്ളില്‍ അല്‍പം നെല്‍ക്കൃഷിയും, മീന്‍ വളര്‍ത്തലിന് മൂന്നു കുളങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
കുടാതെ വിദേശത്തുള്‍പ്പെടെയുള്ള ഫ്രൂട്ട്‌സ് പ്ലാന്റുകളും നട്ടുവളര്‍ത്തുന്നു. മാംഗോസ്റ്റിന്‍, ഫുലാസാന്‍, ബാംഗോക്ക് ചാമ്പ, മലേഷ്യന്‍ ചാമ്പ,ബെറാബ എന്നിവ പ്രധാനമാണ്. വിവിധയിനം മാവുകളും കൃഷിയിടത്തിലുണ്ട്. ചെടി വളര്‍ത്തലില്‍ കുട്ടിക്കാലം മുതലുള്ള കമ്പം ഇപ്പോഴുമുണ്ട്. വിദേശങ്ങളിലെയുള്‍പ്പെടെയുള്ള ധാരാളം ചെടികളുടെ നീണ്ട നിര തന്നെ വീടിന് ചുറ്റുമായി കാണാം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. ഔദ്യോഗിക പ്രവര്‍ത്തനങ്ങള്‍ക്കിടെ കൃഷി കാര്യങ്ങളിലും കൃത്യമായി ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടെന്ന് രജനി ജയദേവ് പറയുന്നു. നവാഗതരായകൃഷിക്കാര്‍ക്ക് ആവശ്യമായ പരിശീലനങ്ങളും സഹായങ്ങളും ഇവര്‍ നല്‍കിവരുന്നു.
കൃഷി കാര്യങ്ങളില്‍ എന്‍ജിനീയര്‍ കൂടിയായ ഭര്‍ത്താവ് ജയദേവിന്റെയും മക്കളുടെയും നല്ല പ്രോല്‍സാഹനവും സഹായങ്ങളുമുണ്ട്. മികച്ച കര്‍ഷകയ്ക്കുള്ള കൈരളി ടിവിയുടെ 2016 ലെ കതിര്‍ പുരസ്‌കാരവും. ജില്ലാ സാനിട്ടേഷന്‍ സമിതിയുടെ 2014ലെ ആരാമം അവാര്‍ഡും ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it