തിയേറ്ററുകളിലെ ഇ-ടിക്കറ്റിങ് അട്ടിമറിക്കാന്‍ നീക്കം

എം മുഹമ്മദ് യാസര്‍

തിരുവനന്തപുരം: തിയേറ്ററുകളിലെ നികുതിവെട്ടിപ്പു തടയുന്നതിനായി ആവിഷ്‌കരിച്ച ഇ-ടിക്കറ്റിങ് സംവിധാനവും അവശ കലാകാരന്മാരെ സഹായിക്കുന്നതിന് ഏര്‍പ്പെടുത്തിയ സെസ്സും അട്ടിമറിക്കാനുള്ള നീക്കം സജീവം. സംസ്ഥാനത്തെ ഭൂരിപക്ഷം തിയേറ്ററുടമകളും ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കുന്നതിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. നിര്‍ധനരായ കലാകാരന്മാര്‍ക്കുള്ള ക്ഷേമഫണ്ടിനായി സിനിമാ ടിക്കറ്റുകള്‍ക്ക് മൂന്നു രൂപ സെസ് പിരിക്കാനുള്ള തീരുമാനത്തിനെതിരേയും തിയേറ്ററുടമകള്‍ സമരവുമായി രംഗത്തുണ്ട്. സെസ് പിരിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാര്യക്ഷമത കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
തിയേറ്ററുകളില്‍ നടപ്പാക്കുന്നതിനായി ഇ-ടിക്കറ്റിങ് സംവിധാനത്തിനുള്ള സോഫ്റ്റ്‌വെയര്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കെല്‍ട്രോണും സംയുക്തമായി വികസിപ്പിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തിയേറ്ററുകളില്‍പ്പോലും ഇതു നടപ്പാക്കിയിട്ടില്ലെന്നതാണു വസ്തുത. നികുതി കുടിശ്ശിക തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാനുള്ള സൗകര്യത്തോടെയാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഇതിലൂടെ തിയേറ്ററുകളുടെ നികുതിവെട്ടിപ്പും തടയാനാവും. എന്നാല്‍, ഇ-ടിക്കറ്റിങ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചിട്ടില്ല.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമഫണ്ടിലേക്കായി സിനിമാ ടിക്കറ്റുകള്‍ക്ക് സെസ് പിരിക്കാനുള്ള തീരുമാനത്തെയും തിയേറ്ററുടമകള്‍ ശക്തമായി എതിര്‍ക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള തിയേറ്ററുടമകള്‍ ഇന്നലെ മുതല്‍ സമരം പ്രഖ്യാപിച്ചത്. നേരത്തെ സെസ് പിരിക്കാനുള്ള സര്‍ക്കാര്‍ തിരുമാനത്തിനെതിരേ തിയേറ്ററുടമകള്‍ കോടതിയില്‍ നിന്ന് അനുകൂല ഉത്തരവു നേടിയിരുന്നു. പിന്നീട് കീഴ്‌കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെയാണ് സെസ് ചുമത്തുന്നതിനുള്ള നിയമതടസ്സം നീങ്ങിയത്. തുടര്‍ന്ന് മള്‍ട്ടിപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള സിനിമ തിയേറ്ററുകളില്‍ നിന്ന് എത്രയുംവേഗം സെസ് പിരിച്ചുതുടങ്ങണം എന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 23ന് തദ്ദേശഭരണ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
25 രൂപയില്‍ കൂടിയ ഓരോ ടിക്കറ്റിനും മൂന്നു രൂപ വീതം സെസ് ഈടാക്കാനാണു നിര്‍ദേശിച്ചിരുന്നത്. വിനോദനികുതിയും സെസ്സും മുന്‍കൂറായി ശേഖരിച്ചശേഷം മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ സിനിമാ ടിക്കറ്റ് സീല്‍ ചെയ്യാവൂ എന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയേറ്ററുകള്‍ അടച്ചിട്ട് സമരം ആരംഭിച്ചത്.
സെസ് തുക നിര്‍ധനരായ കലാകാരന്മാരെ സഹായിക്കാനുള്ള കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിലേക്കു വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ കലാകാരന്മാര്‍ക്ക് 1000 രൂപ പ്രതിമാസ പെന്‍ഷന്‍, മക്കള്‍ക്ക് വിദ്യാഭ്യാസത്തിനും വിവാഹത്തിനും ധനസഹായം തുടങ്ങി നിരവധി പദ്ധതികള്‍ ബോര്‍ഡ് നടപ്പാക്കുന്നുണ്ട്. എന്നാല്‍, ഫണ്ടിന്റെ അപര്യാപ്തത കാരണം നിലവിലുള്ള ഗുണഭോക്താക്കള്‍ക്കു പോലും സഹായം നല്‍കാനാവാത്ത സ്ഥിതിയാണുള്ളത്. അതേസമയം, തിയേറ്ററുടമകളുടെ സമരം ഒത്തുതീര്‍ക്കുന്നതിനായി സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it