kannur local

താവക്കര ബസ് സ്റ്റാന്റ്: കരാറുകാരുടെ വാദം തെറ്റെന്ന് ബസ്സുടമകള്‍

കണ്ണൂര്‍: താവക്കരയിലെ ബിഒടി ബസ് സ്റ്റാന്റ് കരാറുകാരും നഗരസഭയും തമ്മില്‍ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ബസ് ടെര്‍മിനല്‍ പ്രവര്‍ത്തിക്കുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്നു ബസ്സുടമസ്ഥ സംഘം കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ വി ജെ സെബാസ്റ്റ്യന്‍ പറഞ്ഞു.
ഉടമാവകാശവും സ്ഥലവും നഗരസഭയുടേത് തന്നെയാണെന്നും ബസ് സ്റ്റാന്റില്‍ നിര്‍മാതാവിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാവില്ലെന്നും അവര്‍ തന്നെ സമ്മതിച്ചിട്ടുമുണ്ട്.
ആര്‍ടിഎയും നഗരസഭയും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ കോര്‍പറേഷന് കീഴിലുള്ള രണ്ട് ബസ് സ്റ്റാന്റുകളിലും ബസുകള്‍ കയറുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനം ബസ് സ്റ്റാന്റ് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നുണ്ടായതിനാലാണ് ജനുവരി ഒന്നുമുതല്‍ സ്റ്റാന്റ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. സ്റ്റാന്റില്‍ കരാര്‍ പ്രകാരം മൂത്രമൊഴിക്കാന്‍ 50 പൈസയാണ് നിശ്ചയിച്ചിരുന്നത്.
മൂന്നുവര്‍ഷം കൂടുമ്പോള്‍ 25 ശതമാനം വര്‍ധിപ്പിക്കാമെന്നാണ് ധാരണ. എന്നാല്‍ ഇപ്പോള്‍ രണ്ട് രൂപയാണ് ഈടാക്കുന്നത്. ടോയ്‌ലറ്റ് ഉപയോഗത്തിന് രണ്ട് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി. ഇതെല്ലാം കരാര്‍ ലംഘനമാണ്. സ്റ്റാന്റില്‍ ബസുകള്‍ക്ക് പാര്‍ക്കിങിനൊപ്പം വര്‍ക്ക് ഷോപ്പും പെട്രോള്‍ പമ്പും അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്റ്റാന്റ് ഫീസ് എന്ന നിലയില്‍ നല്‍കുന്ന ഫീസ് ബസ്സുകള്‍ക്കും ജനങ്ങള്‍ക്കും നല്‍കുന്ന സര്‍വീസ് ടാക്‌സാണ്. അതിനുപുറമെ മറ്റൊരു സര്‍വീസ് ടാക്‌സ് നിലനില്‍ക്കില്ല.
സ്റ്റാന്റ് ഫീസ് ഏര്‍പ്പെടുത്തുമ്പോള്‍ ബസ്സുടമസ്ഥ സംഘവുമായി ആലോചിച്ചിട്ടില്ല. കേരളത്തില്‍ 700ലേറെ ബസ് സ്റ്റാന്റുകളുണ്ട്. അതെല്ലാം സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതിനാലാണ് ഫീസ് വാങ്ങാത്തതെന്ന കെകെ ബില്‍ഡേഴ്‌സിന്റെ വാക്ക് അജ്ഞതകൊണ്ടാണ്.
എല്ലാ സ്റ്റാന്റും നിര്‍മിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ തന്നെയാണ് സ്റ്റാന്റ് ഫീസും നിശ്ചയിക്കുന്നത്. ഉപഭോക്താക്കളുടെ അഭിപ്രായം തേടാതെ ബിഒടി ബസ് സ്റ്റാന്റുണ്ടാക്കി എല്ലാ ബസ്സുകളും കയറണമെന്നും തോന്നിയപോലെ ഫീസ് വാങ്ങാമെന്നും തീരുമാനിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അ്ദദേഹം ചോദിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ രാജ്കുമാര്‍, എം വി വല്‍സലന്‍, കെ ഗംഗാധരന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it