kozhikode local

താഴെഅങ്ങാടിയില്‍ റോഡ് വികസനം; അധികൃതര്‍ക്ക് നിസ്സംഗത

വടകര: താഴെഅങ്ങാടി മലബാര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ കെഎസ്ആര്‍ടിസി ഡിപ്പോ കൂടി വന്നതോടെ ഗതാഗത കുരുക്കു കൊണ്ട് വീര്‍പ്പു മുട്ടുകയാണ് താഴെഅങ്ങാടി നിവാസികള്‍. സ്‌കൂളുകള്‍, വടകരയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി സാന്റ്ബാങ്ക്‌സ്, തണല്‍ അഗതിമന്ദിരം എന്നിങ്ങനെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് പോകാനുള്ള റോഡുകളാണ് മണിക്കൂറുകള്‍ നില്‍ക്കേണ്ട ഗതാഗത കുരുക്കു സംഭവിക്കുന്നത്. ഡയാലിസിസിനായി തണലിലേക്ക് രോഗികളെയും കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കാണ് ഏറ്റവും ദുരിതം.
ഓവര്‍ബ്രിഡ്ജിനെ താഴെ മുതല്‍ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന തണല്‍ വരെയും തെക്കു ഭാഗത്ത് മനാര്‍മുക്കു മുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോ വരെയുമാണ് റോഡ് വികസനത്തിന് അയിത്തം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലൂടെ സാധാരണയയി സാന്‌റ് ബാങ്ക്‌സിലേക്ക് പോകുന്ന ബസ്സ് യാത്ര ചെയ്യുമ്പോള്‍ പോലും കുരുക്ക് അനുഭവപ്പെടാറുണ്ട്. അതിലുപരിയാണ് ഇപ്പോഴത്തെ അവസ്ഥ.
ഇത്തരം ഡിപ്പോകള്‍ സ്ഥാപിക്കുന്നിടത്തേക്കുള്ള റോഡ് സൗകര്യം നോക്കാതെയുള്ള പ്രവര്‍ത്തനം പ്രദേശത്തുകാരെയാണ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. വികസനം ജനനന്മയ്ക്കാണ്, അത് ജനങ്ങളുടെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള വികസനമാണ് ഡിപ്പോ വരുത്തിയതിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് നാട്ടുകാര്‍ കുറ്റുപ്പെടുത്തി.
സി കെ നാണു എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 50 ലക്ഷം അനുവദിച്ചാണ് പുതിയ ഗാരേജ് നിര്‍മിച്ചത്. എന്നാല്‍ ഇവിടെയുള്ള ഗ്യാരേജ് നിര്‍മിക്കാന്‍ അമ്പത് ലക്ഷം ചെവലാക്കിയെന്ന വാദം തെറ്റാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
അമ്പത് ലക്ഷം രൂപ ചെലവഴിച്ചാല്‍ ഡിപ്പോ സ്ഥിതി ചെയ്യുന്ന മുഴുവന്‍ സ്ഥലവും ഗതാഗത യോഗ്യമാക്കാനും സാധിക്കുമെന്നും അനുവദിച്ച പണത്തിന്‍മേല്‍ തിരിമറി നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. മനാര്‍ മുക്കു മുതല്‍ തണല്‍ വരെയുള്ള റോഡാണ് കൂടുതല്‍ കുരുക്ക് ഉള്ളത്.
റോഡിനിരുവശത്തുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാലെ റോഡ് വികസനം യാഥാര്‍ത്ഥ്യമാവുകയുള്ളൂ. എന്നാല്‍ അധികൃതര്‍ ഇതിന് തുനിയുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it