Kottayam Local

താഴത്തങ്ങാടി മുസ്‌ലിം പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു

കോട്ടയം: കേരളത്തിലെ അതിപുരാതനമായ മുസ്‌ലിം പള്ളിയായ താഴത്തങ്ങാടി മുസ്‌ലിം പള്ളി തുറന്നുകാണാന്‍ വിശ്വാസികളായ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു. ഏപ്രില്‍ 24, മെയ് എട്ട് എന്നീ തിയ്യതികളിലാണ് പള്ളി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നത്. രാവിലെ എട്ടുമുതല്‍ 12 വരെയും, ഉച്ചയ്ക്ക ഒന്നു മുതല്‍ 3.30 വരെയും 4.30 മുതല്‍ ആറുവരെയും ആരാധന കര്‍മങ്ങള്‍ക്കു തടസ്സമുണ്ടാവാത്ത നിലയിലാണ് സന്ദര്‍ശനസമയം ക്രമീകരിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമൃദ്ധമായ പള്ളി ക്ഷേത്രശില്‍പ്പകലാ മാതൃകയിലാണ് നിര്‍മിച്ചത്.
പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശ-സ്വദേശ ടൂറിസ്റ്റുകളും ഗവേഷകരുമൊക്കെ എത്താറുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പള്ളിയുടെ അകത്തളങ്ങള്‍ കാണാന്‍ അവസരം ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പള്ളി സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് അവസരമൊരുക്കണമെന്ന് ആവശ്യമുയര്‍ന്നത്. നാട്ടുകാരുടെയും മറ്റും നിരന്തര അഭ്യര്‍ഥനമാനിച്ചാണ് താഴത്തങ്ങാടി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പള്ളി കാണാന്‍ അവസരമൊരുക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്‌ലാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്ന് എത്തിയ മാലിക് ബിന്‍ ദിനാറിന്റെ കാലത്താണ് കേരള തീരത്തു ആദ്യമായി ഇസ്‌ലാം ആവിര്‍ഭവിക്കുന്നത്. കേരളക്കരയില്‍ 10 പള്ളികളും തമിഴ്‌നാട്ടില്‍ ഒരു പള്ളിയും അദ്ദേഹം സ്ഥാപിച്ചു.
അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയാണ് ഈ ആരാധനാലയം. കേരളത്തിലെ പുരാതന മുസ്‌ലിം പള്ളികളില്‍ രൂപഭംഗിയില്‍ മികച്ച പള്ളിയെന്നും താഴത്തങ്ങാടി പള്ളിക്ക് ഖ്യാതിയുണ്ട്. അറബിശൈലിയിലുള്ള കൊത്തുപണികളും, തേക്കുതടികളില്‍ ചെയ്ത തൂണുകളും കമാനങ്ങളും മേല്‍ക്കൂടും തട്ടിന്‍പുറവുമെല്ലാം കൗതുകകാഴ്ചകളാണ്. നിഴല്‍ ഘടികാരം, ഒറ്റക്കലില്‍ തീര്‍ത്ത ഹൗള്(അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം), തടിയില്‍തീര്‍ത്ത ഖുര്‍ആന്‍ വാക്യങ്ങള്‍, മനോഹരമായ മാളികപ്പുറം, കൊടുത്തുപണികളാല്‍ സമൃദ്ധമായ മുഖപ്പുകള്‍ എന്നിവ പള്ളിയുടെ പ്രത്യേകതകളാണ്. താഴത്തങ്ങാടിയുടെ പ്രകൃതിമനോഹര ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it