malappuram local

താല്‍ക്കാലിക കെട്ടിടം സംബന്ധിച്ച് ധാരണയായി

എടക്കര: എടക്കരയില്‍ അനുവദിച്ച പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസ് ആരംഭിക്കുന്നതിന് താല്‍ക്കാലിക കെട്ടിടം സംബന്ധിച്ച് ധാരണയായി. കൃഷിഭവന് സമീപം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടമാണു പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ 17ന് ഭരണസമിതി യോഗം ചേരും.
ആറ് മുറികളുള്ള കെട്ടിടത്തില്‍ മൂന്ന് മുറികള്‍ വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ), നാളികേര വികസന സമിതി എന്നിവക്കായി നേരത്തെ നീക്കിവച്ചിരുന്നു. കാലങ്ങളായി വാടക നല്‍കിവരുന്നുണ്ടെങ്കിലും ഇവ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ബാക്കിയുള്ള മൂന്ന് മുറികളാണ് പോലിസ് സര്‍ക്കിള്‍ ഓഫിസിനായി പരിഗണിക്കുന്നത്.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഈ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. സര്‍ക്കിള്‍ ഓഫിസ് ആരംഭിക്കുന്നതിനായി കെട്ടിടം വിട്ടുനല്‍കാന്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചതായാണ് സൂചന.
സര്‍ക്കിള്‍ ഓഫിസ് അനുവദിച്ചതായ മന്ത്രിസഭാ തീരുമാനം അറിഞ്ഞയുടനെ കെട്ടിടം സംബന്ധിച്ച ധാരണയുണ്ടായിരുന്നെങ്കിലും ഭരണസമിതിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുത്ത പ്രസിഡന്റിന്റെ നടപടിയില്‍ പരക്കെ അമര്‍ഷമുയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണസമിതി യോഗത്തില്‍ മുസ്‌ലിം ലീഗ്, സിപിഎം, ബിജെപി അംഗങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതാണ് പോലിസ് സര്‍ക്കിള്‍ ഓഫിസ് കെട്ടിടം സംബന്ധിച്ച് അനിശ്ചിതത്വമുണ്ടാകാന്‍ കാരണം.
നിലമ്പൂര്‍ സര്‍ക്കിളിന് കീഴിലെ എടക്കര, വഴിക്കടവ്, പോത്തുകല്‍ പോലിസ് സ്റ്റേഷനുകളാണ് പുതിയ എടക്കര സര്‍ക്കിളിന് കഴീല്‍ വരുന്നത്.
Next Story

RELATED STORIES

Share it