palakkad local

താലൂക്കാശുപത്രിയുടെ പരാധീനതകള്‍ക്ക് പരിഹാരമില്ല; സാധാരണക്കാരായ രോഗികള്‍ ദുരിതത്തില്‍

ചിറ്റൂര്‍: നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും താലൂക്കാശുപത്രിയുടെ പരാധീനതകള്‍ക്ക് പരിഹാരം കാണാനാകാതായതോടെ സാധാരണക്കാരായ രോഗികള്‍ ദുരിതത്തില്‍. ആരോഗ്യരംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വന്നെങ്കിലും ഈ ആശുപത്രിക്ക് അത് ബാധകമായിട്ടില്ല.
ഏഴ് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളില്‍നിന്ന് ദിവസേന ആയിരത്തോളം രോഗികള്‍ ചികില്‍സ തേടിയെത്തുന്നു. ഇതിനുപുറമേ, 108 ഓളം കിടത്തി ചികില്‍സയിലുള്ള രോഗികളുമുണ്ട്. ഒ പി യില്‍ വരുന്നവര്‍ക്ക് ചികില്‍സ നിശ്ചയിക്കാന്‍ മൂന്ന് ഡോക്ടറുടെ സേവനമേ ലഭിക്കുന്നുള്ളൂ. അഞ്ച് കിടക്കയ്ക്ക് ഒരു ഡോക്ടര്‍ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അങ്ങനെയാണെങ്കില്‍ 22 ഡോക്ടര്‍മാരുടെ സേവനം വേണ്ടിവരും.
ഇപ്പോള്‍ താല്‍കാലിക നിയമനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കൂട്ടി പത്ത് ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ ആശുപത്രി സൂപ്രണ്ടും പെടും. കാലങ്ങളായി വിദഗ്ധ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണ്, എല്ല്, അനസ്‌തേഷ്യ, സര്‍ജന്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. നല്ല ഓപറേഷന്‍ തിയേറ്ററുണ്ടെങ്കിലും ശസ്ത്രക്രിയ നടത്താന്‍ വിദഗ്ധനില്ല. ശിശുരോഗവിദഗ്ധന്‍, ഗൈനക്കോളജിസ്റ്റ് തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ വീതമേയുള്ളൂ.
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താമസിക്കാന്‍ വസതികളില്ല. ഉള്ളവ കാലപ്പഴക്കംമൂലം തകര്‍ച്ച നേരിടുന്നു. നഴ്‌സിങ് അസിസ്റ്റന്റുമാരുടെ കുറവും പ്രശ്‌നമാവുന്നു. ആശുപത്രിക്കെട്ടിടങ്ങള്‍ പഴയ രീതിയിലുള്ളവയാണ്. ഈ കാലഘട്ടത്തിന് പറ്റിയവയല്ല. തുറന്നുകിടക്കുന്നതുമൂലം കൊതുക്, ഈച്ച തുടങ്ങിയ ക്ഷുദ്രജീവികളുടെ ശല്യം രോഗികളുടെ ഉറക്കം കെടുത്തുന്നു. ഇതിനുപുറമേ, സമൂഹവിരുദ്ധരുടെ ശല്യവും ഉണ്ട്. അത്യാഹിതവിഭാഗം അനുവദിച്ചതായി പ്രഖ്യാപനമുണ്ടായില്ലെന്നാതെ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അത് താല്‍കാലികം മാത്രമാണ്. ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നത് വിദഗ്ധവിഭാഗത്തിലുള്ളവരാണ്.
ഇതുമൂലം വിദഗ്ധരുടെ സേവനം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാതെ പോകുന്ന അവസ്ഥയുമുണ്ട്. കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞതല്ലാതെ അതും പ്രാവര്‍ത്തികമാക്കിയിട്ടില്ല.
Next Story

RELATED STORIES

Share it