ernakulam local

താരവും ചരിത്രവുമായി 6 വയസ്സുകാരി ഗൗരി

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഫഌഗ് ഓഫ് ചടങ്ങില്‍ താരമായത് ആറു വയസുകാരി ഗൗരി. മുഖ്യമന്ത്രിക്കൊപ്പം പരീക്ഷണ ഓട്ടം ഫഌഗ് ഓഫ് ചെയ്ത ഗൗരി സമ്മേളന വേദിയിലും ശ്രദ്ധാകേന്ദ്രമായി. മുഖ്യമന്ത്രിയും അടുത്ത തലമുറയുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന് വേണം ഫഌഗ് ഓഫ് നടത്താനെന്ന ആശയം വന്നപ്പോള്‍ കെഎംആര്‍എല്‍ അധികൃതരുടെ മനസില്‍ വന്ന ആദ്യപേര് ഗൗരിയുടേതായിരുന്നു.
കെഎംആര്‍ എല്‍ ജീവനക്കാരിയായ സുമിയുടെയും ഐസിഐസിഐ ജീവനക്കാരനായ ഗണേഷിന്റെയും മകളാണ് പുല്ലേപ്പടിയില്‍ താമസിക്കുന്ന ഗൗരി. ചുറുചുറുക്കുള്ള ഈ കുസൃതിക്കാരി വേദി കീഴടക്കുമെന്ന കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. സമ്മേളനം തുടങ്ങും മുമ്പേ വേദിയിലെ പിന്‍നിരയിലുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ച ഗൗരിയിലായി സദസിന്റെ മുഴുവന്‍ ശ്രദ്ധയും. സമ്മേളനം ആരംഭിച്ചതോടെ മന്ത്രിമാരടക്കമുള്ളവരും കൂട്ടത്തിലിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗൗരിയെ അടുത്തു വിളിച്ചുവരുത്തി കുശലം പറഞ്ഞു. ഏലിയാസ് ജോര്‍ജ് ഗൗരിയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തി. ഫഌഗ് ഓഫിന് മുമ്പായി മെട്രോ ട്രെയിനില്‍ വിഐപികള്‍ കയറിയപ്പോള്‍ കൂടെ ഗൗരിയും ഉണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ മുന്നില്‍ നിന്ന് മെട്രോക്ക് പച്ചക്കൊടി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ഗൗരിയുടെ മുഖത്ത് നിറഞ്ഞ അഭിമാനം.
കൊച്ചി മെട്രോയുടെ ചരിത്രത്തിന്റെ ഭാഗമായാണ് ഗൗരി പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇറങ്ങിയത്. നേരത്തെ മെട്രോ റെയിലിന്റെ പരസ്യപ്രചാരണത്തിലും ഗൗരി ഭാഗമായിരുന്നു. എറണാകുളം ഭാവന്‍സിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് ഈ കുരുന്ന്.
Next Story

RELATED STORIES

Share it