kasaragod local

താമര വിരിയിക്കാന്‍ വര്‍ഗീയ പ്രചാരണവുമായി കര്‍ണാടകയില്‍ നിന്ന് ആര്‍എസ്എസുകാര്‍

മഞ്ചേശ്വരം: മണ്ഡലത്തില്‍ താമരവിരിയിക്കാന്‍ ബിജെപിയും സംഘപരിവാറും കിണഞ്ഞ് ശ്രമം തുടങ്ങി. മുഴുവന്‍ ബൂത്തുകളിലും നാല് വീതം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല. 162 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് സംഘമാണ് മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്.
മുഴുവന്‍ വീടുകളും കയറിയിറങ്ങി ബിജെപിയുടെ വോട്ടുകള്‍ ഉറപ്പിക്കുന്നതോടൊപ്പം മറ്റുവോട്ടുകളും പാര്‍ട്ടിക്ക് വേണ്ടി തേടുകയാണ് ഇവരുടെ ചുമതല. കഴിഞ്ഞ ഒരുമാസത്തോളമായി കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് നേതാക്കളുടെ താവളമാണ് മഞ്ചേശ്വരം. അതിര്‍ത്തി മേഖലകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍.
തീവ്രഹിന്ദുത്വ നിലപാടുകളുമായാണ് പ്രവര്‍ത്തകര്‍ രംഗത്തുള്ളത്. മറ്റു സമുദായങ്ങളുടെ മേല്‍ വര്‍ഗീയത ആരോപിച്ചാണ് വോട്ടഭ്യര്‍ഥിക്കുന്നത്. പൈവളിഗെ, പുത്തിഗെ, മീഞ്ച, വോര്‍ക്കാടി, മഞ്ചേശ്വരം, എണ്‍മകജെ പഞ്ചായത്തുകളിലാണ് ബിജെപിക്ക് വേണ്ടി സംഘപരിവാര്‍ രംഗത്തുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ മല്‍സരിക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ രവീശതന്ത്രി കുണ്ടാറിന് വേണ്ടി കര്‍ണാടകയിലെ സംഘ്പരിവാര്‍ നേതാക്കള്‍ രംഗത്തുണ്ട്. അതിര്‍ത്തി പഞ്ചായത്തായ ബെള്ളൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
കാറഡുക്ക, കുമ്പഡാജെ, ബദിയടുക്ക, മധൂര്‍ പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭയിലും വര്‍ഗീയ വിദ്വേഷം ചീറ്റുന്ന പ്രചാരണവുമായി സംഘപരിവാര്‍ രംഗത്തുണ്ട്. ന്യൂനപക്ഷ മതേതര വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
Next Story

RELATED STORIES

Share it