താമര വിരിയിക്കാനുള്ള മോഹത്തിന് തടയിട്ടത് ചെര്‍ക്കളത്തിന്റെ ചാണക്യ തന്ത്രം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള മോഹവുമായി ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ തടയിട്ടത് ചെര്‍ക്കളം അബ്ദുല്ലയുടെ ചാണക്യതന്ത്രം. മൂന്നു പതിറ്റാണ്ടായി അത്യുത്തര കേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ താമര വിരിയിക്കാന്‍ സംഘപരിവാരം ശ്രമിക്കുന്നു. ഈ നീക്കങ്ങള്‍ക്കെതിരേ ചരടുവലിച്ച് വിജയക്കൊടിനാട്ടിയ ചരിത്രമാണു ചെര്‍ക്കളം അബ്ദുല്ലയുടേത്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനിയും വെങ്കയ്യ നായിഡുവും എല്ലാ അടവുകളും പയറ്റിയിട്ടും കേരളത്തിലെ മതേതര മനസ്സുകളെ ഇളക്കാനായില്ല. ഈ മണ്ഡലത്തില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ രംഗപ്രവേശംമൂലം തകര്‍ന്നടിഞ്ഞത് സംഘപരിവാരത്തിന്റെ പ്രതീക്ഷയാണ്.
കര്‍ണാടകയില്‍ ഒരു പതിറ്റാണ്ടിലേറെ ഭരണം നടത്തിയ സംഘപരിവാരം അതിര്‍ത്തി മണ്ഡലമായ മഞ്ചേശ്വരത്തെ ഹൈന്ദവ വര്‍ഗീയതയുടെ കാവി പുതപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അദ്ദേഹം പരാജയപ്പെടുത്തി.
1980ല്‍ ആദ്യ അങ്കത്തിനിറങ്ങിയ ചെര്‍ക്കളം സിപിഐയിലെ എ സുബ്ബറാവുവിനോട് 141 വോട്ടുകള്‍ക്കു പരാജയപ്പെട്ടു. പിന്നീട് 1987 മുതല്‍ 2006 വരെയുള്ള 19 വര്‍ഷം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത് ചെര്‍ക്കളം അബ്ദുല്ലയായിരുന്നു.
1987ല്‍ ബിജെപിയിലെ ശങ്കര ആള്‍വയെ 6203 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ചെര്‍ക്കളം ജൈത്രയാത്ര തുടങ്ങി. 1991ല്‍ മണ്ഡലത്തില്‍ താമര വിരിയിക്കാന്‍ ബിജെപി ഇറക്കിയതു സംസ്ഥാന പ്രസിഡന്റ് കെ ജി മാരാരെ. 1100 വോട്ടുകള്‍ക്കു ചെര്‍ക്കളം കെ ജി മാരാരെ പരാജയപ്പെടുത്തി.
1996ല്‍ തദ്ദേശീയനായ ബിജെപിയിലെ ബാലകൃഷ്ണ ഷെട്ടിയെ 2292 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി.
2001ല്‍ ദേശീയ നേതാവായ സി കെ പത്മനാഭനെയാണ് ബിജെപി കളത്തിലിറക്കിയത്. ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളും ദേശീയ മാധ്യമങ്ങളും താമര വിരിയുമെന്ന് ഏറെ കൊട്ടിഘോഷിച്ചെങ്കിലും അവരെ ഞെട്ടിച്ച് ചെര്‍ക്കളം 13,188 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
2001 മുതല്‍ 2004വരെ സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രിയായി. ദാരിദ്ര്യ ലഘൂകരണത്തിനായി ഈ കാലയളവില്‍ സംസ്ഥാനത്ത് കുടുംബശ്രീയെ വ്യാപിപ്പിച്ചു. 2006ല്‍ മഞ്ചേശ്വരത്ത് സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പുവിനോട് ചെര്‍ക്കളം 5000ല്‍പരം വോട്ടുകള്‍ക്കു പരാജയപ്പെട്ടു. പാര്‍ട്ടിയിലെ പടലപ്പിണക്കമായിരുന്നു പരാജയത്തിനു കാരണം.
1942 സപ്തംബര്‍ 15ന് ചെര്‍ക്കളത്തെ ബാരിക്കാടന്‍ മുഹമ്മദ് ഹാജി- ആസ്യമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടന ഇന്‍ഡിപെന്റന്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനിലൂടെയാണ് (ഐഎസ്ഒ) ചെര്‍ക്കളം പൊതുരംഗത്തേക്കു വരുന്നത്. എസ്ടിയു സംസ്ഥാന പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ലീഗ് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ്, സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, മഞ്ചേശ്വരം യത്തീംഖാന കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ജില്ലയില്‍ യുഡിഎഫിന്റെ അവസാന വാക്കാണ് ചെര്‍ക്കളം.
ജനാധിപത്യ മതേതര ചേരിയെ എന്നും ഒപ്പം നിര്‍ത്താനും വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരേ പോരാട്ടം നടത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടതാണ്. ചില അസുഖങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണെങ്കിലും കര്‍മരംഗത്ത് ഇപ്പോഴും നിറസാന്നിധ്യമാണ്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന തിരക്കിലാണ് ചെര്‍ക്കളം.
Next Story

RELATED STORIES

Share it