Middlepiece

താമരക്കുമ്പിളില്‍ ഈഴവപാര്‍ട്ടി

ആകാശത്തുനിന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി പൊട്ടിവീഴുക. തിരഞ്ഞെടുപ്പില്‍ പലപല ചിഹ്നങ്ങളില്‍ മല്‍സരിക്കുക. കണ്ണിനു നേരെ ആര്‍ക്കും ഈ പാര്‍ട്ടിയെ കാണാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലോ രേഖകളിലോ മറ്റു വല്ല കടലാസിലോ ഈ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വിവരങ്ങള്‍ കണ്ടുപിടിക്കാനും കഴിയില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ മുഖ്യമായ സവിശേഷത ഈ രാഷ്ട്രീയപ്പാര്‍ട്ടിയുടെ നിറസാന്നിധ്യമായിരുന്നു.
ഇതൊരു ഈഴവ പാര്‍ട്ടിയാകുന്നു. ഇതേക്കുറിച്ച് അല്‍പമെങ്കിലും പിടികിട്ടാനുള്ള പ്രതീക്ഷയ്ക്ക് പിറകിലേക്കു പോവുക. കേരളത്തിലെ ചെറിയവരും ഇടത്തരക്കാരും സമ്പന്നരുമായ ഈഴവന്മാര്‍ പല പാര്‍ട്ടികളില്‍ ചിതറിക്കിടക്കുകയാണല്ലോ. പണ്ടൊരു ഈഴവപാര്‍ട്ടി ഇവിടെ ഉണ്ടായിരുന്നു. എസ്ആര്‍പി എന്നായിരുന്നു പേര്. ഈ പാര്‍ട്ടിയുടെ ബാനറില്‍ ഒരു മന്ത്രിയും ഉണ്ടായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ധര്‍മപരിപാലനത്തില്‍ അടിയുറച്ചു വിശ്വസിച്ചുപോന്ന അദ്ദേഹം മദ്യവകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. കാലപ്രവാഹത്തില്‍ എസ്ആര്‍പി എന്ന ഈഴവപാര്‍ട്ടി വീരചരമമടഞ്ഞു. പിന്നീട് ഈ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനും നഷ്ടപ്പെട്ടു.
കേന്ദ്രത്തില്‍ ബിജെപിയുടെ താമര വിരിഞ്ഞപ്പോള്‍ എസ്എന്‍ഡിപി നേതാക്കന്മാര്‍ക്ക് അങ്ങോട്ട് ഒരു ചായ്‌വു തുടങ്ങി. എസ്എന്‍ഡിപിയുടെ താക്കോല്‍സ്ഥാനത്തുള്ള അച്ഛനും മകനും സാക്ഷാല്‍ നരേന്ദ്ര മോദിയെ കണ്ട് അനുഗ്രഹവും വാങ്ങി. ബിജെപിയിലേക്ക് നേരിട്ടു ചേരാനാണ് ഇവരെ മോദി ക്ഷണിച്ചതത്രേ. എസ്എന്‍ഡിപിയുടെ കോടിക്കണക്കിനു സ്വത്തുക്കള്‍ ബിജെപി ഖജനാവിലേക്ക് നിക്ഷേപിക്കാന്‍ അച്ഛനും മകനും മനസ്സുവന്നില്ല. ഒരു പാര്‍ട്ടിയുണ്ടാക്കി ബിജെപിയുടെ ആലയില്‍ കെട്ടിയാല്‍ മതി എന്നായിരുന്നുവത്രേ മോദിയുടെ ഉപദേശം. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ഉപദേശമല്ലേ, അച്ഛനും മകനും കേള്‍ക്കാതിരിക്കാന്‍ പറ്റുമോ?
കേരളത്തിലെ ബിജെപിയാണെങ്കില്‍ മുന്നണിയില്‍ ആളെ കിട്ടാതെ വിഷമിച്ചിരിക്കുന്ന സന്ദര്‍ഭം. ബിജെപി മുന്നണിയില്‍ അവര്‍ എസ്എന്‍ഡിപിയെ കൂട്ടി. പഞ്ചായത്തിലും കോര്‍പറേഷനിലും മുനിസിപ്പാലിറ്റിയിലും എസ്എന്‍ഡിപിക്ക് സീറ്റുകള്‍ മാറ്റിവച്ചു. ഏത് ചിഹ്നത്തില്‍ വേണമെങ്കിലും മല്‍സരിക്കാം. വിരോധമില്ലെങ്കില്‍ താമര ചിഹ്നത്തില്‍ തന്നെ മല്‍സരിക്കാം. സീറ്റുകളുടെ ഈ വീതംവയ്പു പ്രകാരം എസ്എന്‍ഡിപിയെ മറയാക്കി നിരവധി ഈഴവര്‍ മല്‍സരിച്ചു. അതില്‍ പലരും താമര ചിഹ്നം തന്നെ സ്വീകരിക്കുകയും ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി ചിഹ്നത്തില്‍ ആര്‍ക്കും മല്‍സരിക്കാന്‍ കഴിഞ്ഞില്ല. കാരണം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണാടി ചിഹ്നപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മല്‍സരിച്ചവരില്‍ ചിലരെങ്കിലും ജയിക്കും. ഇവരൊക്കെ ഏതു പാര്‍ട്ടിയാവുമെന്നതാണു പ്രശ്‌നം. എസ്എന്‍ഡിപി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ല. ശ്രീനാരായണ ഗുരുദേവന്‍ രൂപീകരിച്ച ശ്രീനാരായണ ധര്‍മപരിപാലനസംഘം എന്ന പൊതുസേവന സംഘടനയാണ് എസ്എന്‍ഡിപി. ആ സംഘടന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടില്ലെന്നാണ് അവരുടെ നേതാക്കള്‍ പറയുന്നത്. കേരളത്തില്‍ ഒരു ഈഴവപാര്‍ട്ടിയുടെ രൂപീകരണം ജനുവരി 5നു നടക്കുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. എസ്എന്‍ഡിപിയുടെ നേതൃത്വത്തിലാണ് ഈഴവപാര്‍ട്ടിക്ക് ജന്മം നല്‍കുന്നത്.
അപ്പോള്‍ ആരോരുമറിയാതെ എസ്എന്‍ഡിപി എന്ന പേരില്‍ ഒരു രാഷ്ട്രീയകക്ഷി ഇവിടെ ഉണ്ടായെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ഇതിന്റെ പൂര്‍ണ വിലാസം എന്താണെന്ന് ആര്‍ക്കുമറിയില്ല. തങ്ങള്‍ കൂട്ടുപിടിച്ച കക്ഷിയെക്കുറിച്ച് ബിജെപിയാണ് യഥാര്‍ഥ വസ്തുത പുറത്തു പറയേണ്ടത്. ഈഴവരുടെ വോട്ട് ഈ സ്ഥാനാര്‍ഥികള്‍ക്കു ലഭിക്കുക മാത്രമല്ല, ലക്ഷണമൊത്ത ഈഴവന്മാര്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഫണ്ടിനാണെങ്കില്‍ യാതൊരു ക്ഷാമവും ഉണ്ടായിരുന്നില്ല.
Next Story

RELATED STORIES

Share it