താനൂരില്‍ ഉശിരന്‍ പോര്

മുജീബ് പുള്ളിച്ചോല

മലപ്പുറം: നിയമസഭാ പോരില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഉശിരന്‍ പോരിനാണ് താനൂര്‍ കോപ്പുകൂട്ടുന്നത്. മണ്ഡലം നിലവില്‍ വന്ന 1957 മുതല്‍ മുസ്‌ലിം ലീഗിന്റെ ഹരിത പതാക മാത്രമേ മണ്ഡലത്തില്‍ പാറിപ്പറന്നിട്ടൊള്ളു. പക്ഷേ, മണ്ഡലം വലതു നിന്ന് അല്‍പം ഇടത്തോട്ട് ചാഞ്ഞ് സഞ്ചരിക്കുന്നുവെന്ന സംശയമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുയരുന്നത്.
യുഡിഎഫിനു വേണ്ടി മുസ്‌ലിം ലീഗിലെ അബ്ദുറഹിമാന്‍ രണ്ടത്താണി മൂന്നാമതും അങ്കത്തിനിറങ്ങുന്നു. എല്‍ഡിഎഫിനു വേണ്ടി സിപിഎം സ്വതന്ത്രനായി മുന്‍ കോണ്‍ഗ്രസ്സുകാരനായ വി അബ്ദുറഹിമാന്‍ തേര് തെളിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയില്‍ മുറിവേല്‍പ്പിച്ചു കീഴടങ്ങിയ വി അബ്ദുറഹിമാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭാ ഭരണം ഇടതു പിടിച്ചെടുത്തപ്പോള്‍ കിങ് മേക്കറായി പ്രവര്‍ത്തിച്ചയാളാണ്. മുന്‍ കെപിസിസി അംഗമായ വി അബ്ദുറഹിമാന്‍ തിരൂര്‍ നഗരസഭ മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അബ്ദുറഹിമാന്‍ രണ്ടത്താണി 9433 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
തീപ്പാറും മല്‍സരത്തിന്റെ സൂചകങ്ങളായി രാഷ്ട്രീയ സംഘര്‍ഷങ്ങളും മണ്ഡലത്തില്‍ നടന്നു കഴിഞ്ഞു. ചെറുതും വലുതുമായ നാലോളം ലീഗ്-സിപിഎം സംഘര്‍ഷങ്ങളാണ് പത്തുദിവസത്തിനിടെ തീരദേശത്ത് നടന്നത്. സംഘര്‍ഷത്തില്‍ ഇടതു സ്ഥാനാര്‍ഥി വി അബ്ദുറഹിമാന് പരിക്കേല്‍ക്കുക വരെ ചെയ്തു. കാന്തപുരം എപി വിഭാഗത്തിന് വ്യക്തമായ സ്വാധീനമുള്ള മേഖലയാണ് താനൂര്‍. കാന്തപുരം അനുഭാവികൂടിയാണ് അബ്ദുറഹിമാന്‍. ഇതിനകം മണ്ഡലത്തില്‍ കാന്തപുരത്തോടൊപ്പം വേദിയും അബ്ദുറഹിമാന്‍ പങ്കിട്ട് തന്റെ ബന്ധം അരക്കിട്ടുറപ്പിച്ചു. മണ്ഡലത്തില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. മുന്‍ കോണ്‍ഗ്രസ്സുകാരനായ അബ്ദുറഹിമാന് ഈ തര്‍ക്കം മുതല്‍കൂട്ടാകുമെന്നാണ് ഇടതു ക്യാംപിന്റെ പ്രതീക്ഷ.
എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥിയായി കെ കെ അബ്ദുല്‍മജീദ് ഖാസിമി ജനവിധി തേടുന്നുണ്ട്. ബിജെപിക്കുവേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി രശ്മില്‍നാഥ് ജനവിധി തേടുന്നു. പുതുതായി രൂപീകരിച്ച താനൂര്‍ നഗരസഭയും പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈയുണ്ടായെങ്കിലും താനാളൂര്‍, നിറമരുതൂര്‍, ഒഴൂര്‍ പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം കിട്ടിയിരുന്നു.
Next Story

RELATED STORIES

Share it