താടിവെച്ച യുവാവിനെ മുസ്‌ലിമെന്ന് തെറ്റിധരിച്ച് മര്‍ദ്ദിച്ചു

വടക്കേകാട് (തൃശൂര്‍): ബന്ധുവീട്ടില്‍ പോയി ബൈക്കില്‍ മടങ്ങി വരികയായിരുന്ന യുവാവിനെ മുസ്‌ലിമാണെന്ന ധാരണയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലപ്പുറം എരമംഗലം കളത്തില്‍പ്പടി പയ്യപ്പുള്ളി വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ സനലി(24)നെ മര്‍ദിച്ച സംഭവത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആല്‍ത്തറ വെള്ളാമാക്കല്‍ വീട്ടില്‍ ശ്യാംദാസി(31)നെ വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 9.45ഓടെ പുന്നയൂര്‍ക്കുളം വിശ്വഭാരതി സെന്ററില്‍ വച്ചാണ് സംഭവം. സംഭവത്തെ കുറിച്ച് സനല്‍ പറയുന്നത് ഇങ്ങനെ. വടക്കേകാട് മണികണ്‌ഠേശ്വരത്തെ ബന്ധു വീട്ടില്‍ പോയി സ്വന്തം വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവെ ആല്‍ത്തറയില്‍ വച്ച് തനിക്ക് അപരിചിതനായ ശ്യാംദാസ് ബൈക്കിന് കൈകാണിച്ച് തൊട്ടടുത്ത ആല്‍ത്തറയിലേക്ക് ലിഫ്റ്റ് ചോദിച്ചു. ശ്യാംദാസിനെ ബൈക്കില്‍ കയറ്റിയ ശേഷം യാത്ര തുടരുന്നതിനിടെ ശ്യാംദാസ് പേര് ചോദിച്ചതോടെ സനല്‍ എന്ന് മറുപടിയും നല്‍കി.
വിശ്വഭാരതി സെന്ററില്‍ എത്തിയപ്പോള്‍ തന്റെ വീടിനടുത്തേക്ക് എത്തിച്ചു തരുമോയെന്ന് ഇയാള്‍ ചോദിക്കുകയും വീടിനടുത്ത് ബൈക്ക് എത്തിയതോടെ ശ്യാംദാസ് ബൈക്കില്‍ നിന്നും ഇറങ്ങി. തുടര്‍ന്ന് ബൈക്കിന്റെ താക്കോല്‍ ഊരിയ ശേഷം താന്‍ മുസ്‌ലിം അല്ലേ എന്നും സനല്‍ എന്ന് നുണ പറഞ്ഞതല്ലേ എന്നും ചോദിച്ച് മര്‍ദിക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ നേരം ഇത്തരത്തില്‍ ചോദ്യം ചെയ്തു. ഇതേ സമയം ശബ്ദം കേട്ട് പരിസരത്തുള്ളര്‍ എത്തിയപ്പോഴാണ് സനലിനെ വിട്ടയച്ചത്. തുടര്‍ന്ന് നാട്ടിലെത്തി കൂട്ടുകാരെ വിവരമറിയിച്ച ശേഷം പുലര്‍ച്ചെ 2.30ഓടെ തന്നെ സനല്‍ വടക്കേകാട് സ്റ്റേഷനിലെത്തി പരാതി നല്‍കി.
താന്‍ താടി വച്ചിരുന്നതാണ് ഇത്തരത്തില്‍ തടഞ്ഞുവയ്ക്കലിന് കാരണമായതെന്ന് സനല്‍ പറഞ്ഞു. അതേസമയം പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് കൈക്കൊള്ളുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it