തസ്‌ലീമിന്റെ അറസ്റ്റ്: ആഭ്യന്തരമന്ത്രിയും ലീഗും നിലപാട് വ്യക്തമാക്കണമെന്ന്

കണ്ണൂര്‍: ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെടുത്തി കണ്ണൂര്‍ സ്വദേശി കെ കെ തസ്‌ലീമിനെ അകാരണമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുസ്‌ലിം ലീഗും നിലപാട് വ്യക്തമാക്കണമെന്ന് ജനകീയ പൗരാവകാശവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിരപരാധിയായ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ പോലിസ് നീക്കത്തില്‍ സംശയമുണ്ട്. കസ്റ്റഡിയിലെടുത്തതു മുതല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെയുള്ള ഘട്ടങ്ങള്‍ ദുരൂഹത നിറഞ്ഞതാണ്. ഡിജിപി സെന്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനായ കേസില്‍ തിടുക്കത്തില്‍ യുഎപിഎ ചുമത്തി. മന്ത്രിസഭയിലെ ഘടകകക്ഷിയായ മുസ്‌ലിം ലീഗ് യുഎപിഎക്കെതിരാണ്. അതിനാല്‍ തസ്‌ലീമിന്റെ അറസ്റ്റിലും കിരാതനിയമം ചുമത്തിയതിലും കൃത്യമായ നിലപാട് ലീഗും വ്യക്തമാക്കണം. അറസ്റ്റിലായ പെരുമ്പാവൂര്‍ സ്വദേശി ഷഹനാസിന്റെ ഫോണില്‍നിന്ന് തസ്‌ലീമിന്റെ നമ്പര്‍ ലഭിച്ചതാണ് അറസ്റ്റിന് കാരണമെന്നാണ് പോലിസ് ഭാഷ്യം. നവംബര്‍ 16ന് ഉച്ചയ്ക്ക് വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചുപോയ തസ്‌ലീമിനെ അറസ്റ്റ് ചെയ്തതായി രാത്രി 10നുള്ള വാര്‍ത്തയിലാണ് വീട്ടുകാര്‍ അറിയുന്നത്. പിറ്റേന്നു വൈകീട്ട് അഞ്ചിന് പോലിസുകാര്‍ വീടു പരിശോധിച്ചു. സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. എന്നാല്‍, സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള സഹോദരന്‍ ഷറഫുദ്ദീനെ മോചിപ്പിക്കാന്‍ സാക്ഷികളെ സ്വാധീനിച്ചെന്നാണ് തസ്‌ലീമിനെതിരേ ചുമത്തിയ കുറ്റം. പോലിസ് നല്‍കുന്ന വിവരങ്ങള്‍ അപ്പടി പകര്‍ത്തി നിരപരാധികളെ തീവ്രവാദികളാക്കുന്ന മാധ്യമസമീപനം തിരുത്തപ്പെടണം. സ്വന്തം നിലയ്ക്ക് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നും ജനകീയ പൗരാവകാശവേദി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
യുഎപിഎക്കെതിരേ ഡിസംബര്‍ നാലിന് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ വിപുലമായ കണ്‍വന്‍ഷന്‍ നടക്കും. ജഗദീശ്ചന്ദ്ര ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. പി എ പൗരന്‍, കെ പി ശശി, സമദ് കുന്നക്കാവ്, ഫിറോസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it