kozhikode local

തസ്രാക്കിനെ പഞ്ചേന്ദ്രിയങ്ങളില്‍ പകര്‍ത്തി ഖസാക്കിന്റെ ഇതിഹാസം

ആബിദ്

കോഴിക്കോട്: തസ്രാക്കിലെ മനുഷ്യരുടെ ജീവിതം പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവേദ്യമാക്കി ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം. ഖസാക്കിലെ മനുഷ്യരുടെ സല്ലാപങ്ങളും ചായയുടെ രുചിയും മണ്ണിന്റെ മണവുമെല്ലാം മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലെ രംഗവേദിയിലേക്ക് പറിച്ചുനട്ടപ്പോള്‍ കാണികള്‍ക്ക് കരിമ്പനകളുടെ നാട്ടിലെത്തിയ പ്രതീതി. ചൂട്ടും പിടിച്ച് പാടവരമ്പിലൂടെ നടന്നുപോവുന്ന അള്ളാപ്പിച്ച മൊല്ലാക്കയ്ക്കും മാധവന്‍ നായര്‍ക്കും നൈസാമലിക്കും മൈമുനയ്ക്കും കുപ്പുവച്ചനും ചാന്തുമ്മയ്ക്കും രവിക്കും കുട്ടാടന്‍ പൂശാരിക്കുമൊപ്പം കാ ണികളും വളരെ വേഗം തസ്രാക്കിലെത്തി. അപ്പുക്കിളിക്കൊപ്പം നാട്ടിടവഴികളിലൂടെ അറിയാതെ അവരും ഓടി. തസ്രാക്കിലെ പള്ളിയില്‍ നിന്നുള്ള ബാങ്കൊലിയും ചെമ്പട്ടുടുത്ത് പള്ളിവാളുമായി ഉറഞ്ഞുതുള്ളിവരുന്ന കൂമന്‍ കാവിലെ വെളിച്ചപ്പാടിന്റെ കാല്‍ച്ചിലമ്പൊലിയൊച്ചയും ഓരോരുത്തരെയും സ്വന്തം ഗ്രാമങ്ങളില്‍ കൂടി എത്തിക്കുന്നതായി.
വെറും കഥപറയുന്നതിന് പകരം കാഴ്ചയും കേള്‍വിയും രുചിയും മണവും സ്പര്‍ശവും എല്ലാം ചേര്‍ന്ന് ഒ വി വിജയന്റെ ഇതിഹാസം കാണികളെ അനുഭവിപ്പിക്കുകയാണ് ദീപന്‍ ശിവരാമന്‍. വെറും കാണിയായിരിക്കാന്‍ അനുവദിക്കാതെ പ്രേക്ഷകനെ കൂടി നാടകത്തിന്റെ ഭാഗമാക്കാന്‍ സംവിധായകന് സാധിച്ചു. ഖസാക്കിലെ സോഡ വില്‍പ്പനക്കാരനില്‍ നിന്ന് സോഡ വാങ്ങിക്കുടിച്ചും ചായക്കാരന്റെ ചായ രുചിച്ചും അള്ളാപ്പിച്ച മൊല്ലയുടെ മകളുടെ കല്യാണ വിരുന്നില്‍ പങ്കെടുത്തും മരണവീട്ടിലും പൂജാവേളയിലുമെല്ലാം കത്തിക്കുന്ന ചന്ദനത്തിരിയുടെ വ്യത്യസ്തമായ ഗന്ധവും ബിരിയാണിയുടെ മണവും നൈസാമലിയുടെ പൗഡറിന്റെ സുഗന്ധവുമെല്ലാം ആസ്വദിച്ച് കാണികള്‍ മൂന്നരമണിക്കൂര്‍ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.
രതിയും മൃതിയും വസൂരിയും പോതിയുടെ ദുരന്തവും വിവാഹവുമല്ലാം അരങ്ങില്‍ സംഭവിക്കുമ്പോള്‍ പ്രേക്ഷകനും അതിന്റെ ഭാഗമായി. ദുരന്തങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ജീവിതവൃത്തിക്കും അധ്യയനത്തിനും മാത്രല്ല, ആചാരാനുഷ്ടാനങ്ങള്‍ക്കുപോലും വേദിയിലെ മണ്ണ് കുഴച്ചുമറിഞ്ഞ് പാകപ്പെട്ടുകൊണ്ടിരുന്നു.
രവിയില്‍ നിന്ന് തുടങ്ങി രവിയില്‍ അവസാനിക്കുകയാണ് നാടകം. എന്നാല്‍ നൈസാമലിയിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്.
നോവലിലെന്ന പോലെ പ്രണയങ്ങളും മരണവും മന്ത്രവാദവും സ്വപ്‌നവുമെല്ലാമായി ജീവിതം തുളുമ്പിനില്‍ക്കുകയാണ് നാടകത്തിലും. അരയാലും കുളങ്ങളും പീടികത്തിണ്ണകളും ഏകാധ്യാപകവിദ്യാലയവും മാത്രമല്ല, ഒരു ഭൂപ്രദേശത്തിന്റെ വിങ്ങലും വിലാപവും ചിരികളും മുദ്രാവാക്യങ്ങളും ഭരണകൂട ഭീകരതയുമെല്ലാം ഇവിടെ അരങ്ങിലെത്തുന്നു. കാറ്റും മഴയും മഴയില്‍ നയുന്ന മനസ്സും പൂജാകര്‍മങ്ങളുടെ അഗ്‌നി കുണ്ഡങ്ങളും വസൂരിയുടെ തീക്ഷ്ണവേദന സൂചിപ്പിക്കുന്ന ശവപ്പായകളുടെ ദൃശ്യവും എല്ലാംചേര്‍ന്ന് ഒ വി വിജയന്‍ വരച്ചിട്ട കാഴ്ചകള്‍ കൃത്യമായി അരങ്ങില്‍ കോറിയിടാന്‍ കാസര്‍കോട്ട് തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ കെഎംകെ സ്മാരകസമിതിക്ക് സാധിച്ചു. തീയുടെയും ലൈറ്റിന്റെയും ശബ്ദമിശ്രിണത്തന്റെയുമെല്ലാം സാധ്യതകള്‍ വളരെ നന്നായി നാടകത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. സി ആര്‍ രാജന്റെ ശിക്ഷണത്തില്‍ എടാട്ടുമ്മലും ചുറ്റുവട്ടത്തുമുള്ള നാട്ടുകാരാണ് അഭിനയിക്കുന്നത്. ജോസ് കോശി ലൈറ്റും വയറ്റുമ്മല്‍ ചന്ദ്രന്‍ (പാരീസ് ചന്ദ്രന്‍) സംഗീതവും നിര്‍വഹിച്ചു. പപ്പറ്റ്- പപ്പട്രി ആന്റോ ജോര്‍ജ്, വസ്ത്രാലങ്കാരം അലിയാര്‍.
Next Story

RELATED STORIES

Share it