Middlepiece

തവള കരയുന്നു; ഇതാ കാലവര്‍ഷം

തവള കരയുന്നു; ഇതാ കാലവര്‍ഷം
X
slug-nattukaryamകാറ്റും കോളും കണ്ട് മഴ തിമിര്‍ത്ത് പെയ്യുമെന്നു നിനച്ചിരിക്കെ, മാര്‍ക്വസ് കഥയിലെന്നപോലെ വിസ്മയം ജനിപ്പിച്ച് ചുടുകാറ്റ് ആഞ്ഞടിക്കുന്നു. അപ്പോള്‍ കോരനും നാട്ടുകാരും ചുടുമഴ പെയ്തില്ലല്ലോ എന്ന് സമാധാനിക്കും. ചൂട് കത്തിപ്പടര്‍ന്ന് രാജ്യമെങ്ങും വിഴുങ്ങുമ്പോള്‍, അതിനെ ഭൂതകാലസമസ്യയാക്കി, പെട്ടെന്ന് മഴ തിമിര്‍ത്ത് പെയ്യുകയും ചെയ്യും. വരള്‍ച്ചയെങ്കില്‍ വരള്‍ച്ചയോടു വരള്‍ച്ച. മഴയെങ്കില്‍ മഴയോടു മഴ.
ഇതിനൊക്കെ ഒരടുക്കും ചിട്ടയും വരണം, അല്ലാതെ മലയാളി ജ്യൂസ് പോലെ കള്ളുകുടിക്കുന്ന തരത്തിലാവരുത് എന്നൊക്കെ കരുതിയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം എന്ന അദ്ഭുതസ്ഥാപനത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. ച്ചാല്‍ ഇന്ന് മഴ ഏതു സമയത്ത് തുടങ്ങുമെന്നും അവസാനിക്കുമെന്നും പറയണം. ചൂട് എത്ര ഡിഗ്രി സെല്‍ഷ്യസ് ആയാലാണ് മഴയ്ക്ക് സാധ്യത എന്നും പറയണം.
പണ്ട് കാരണവന്‍മാര്‍ മാനം നോക്കിയായിരുന്നു കാലാവസ്ഥ നിരീക്ഷിച്ചിരുന്നത്. ഇന്നു മഴ പെയ്യുമെന്ന് അവര്‍ പറഞ്ഞാല്‍ അതു നടന്നിരിക്കും. മണ്ണുമായി ബന്ധമുള്ള കൃഷീവലന്മാര്‍ക്കും മഴ എപ്പോള്‍ എത്തുമെന്ന് നന്നായറിയാമായിരുന്നു. അന്ന് കാലാവസ്ഥാനിരീക്ഷകരോ അവരുടെ കേന്ദ്രമോ ജനിച്ചിട്ടുണ്ടായിരുന്നില്ല. കാലം പുരോഗമിച്ചപ്പോള്‍ കാലാവസ്ഥാനിരീക്ഷകരെത്തി. അവര്‍ പഴമ്പുരാണം പറയുന്നതുപോലെ ഇന്ന് മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന് തട്ടിവിട്ട് സ്ഥലംവിടും.
ഇത്തവണയാണ് പ്രവാചകര്‍ കസറിയത്. കൊടും ചൂട് കൊടുമ്പിരികൊണ്ടിരിക്കെ, അതാ അനൗണ്‍സ്‌മെന്റ് വരുന്നു: അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ പെയ്യും. ചിലേടത്ത് അതിഭീകരമായിരിക്കും മഴ. മല്‍സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ ഇറങ്ങരുത്. കടലമ്മയെ ധിക്കരിച്ച് തോണിയുമായി പോയി വല്ലതും സംഭവിച്ചാല്‍ ഞങ്ങള്‍ ഉത്തരവാദികളായിരിക്കുന്നതല്ല.
കാലാവസ്ഥക്കാരന്റെ മഹദ്വചനം വിശ്വസിച്ച് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവാതെ സ്മാളടിച്ച് കറങ്ങും. എന്നാല്‍, മഴ പെയ്യുമോ? ഇല്ലെന്നു മാത്രമല്ല, ചൂട് കഠിനമാവുകയും ചെയ്യും. മീന്‍പിടിത്തക്കാരുടെ കാര്യം കട്ടപ്പൊകയാവാന്‍ ഇത്തരം അനൗണ്‍സ്‌മെന്റുകള്‍ മതി. അങ്ങനെ പണിപോയ മല്‍സ്യത്തൊഴിലാളി കുടിച്ച് പൂസായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ എത്തി. ''ഇന്നലെ നിങ്ങള്‍ മഴ പെയ്യുമെന്നു പറഞ്ഞു. എന്തുകൊണ്ട് മഴ പെയ്യാതെ പോയി?''
ഡയറക്ടര്‍ താന്‍ എഴുതാന്‍ പോവുന്ന നോവലിനെ കുറിച്ചുള്ള അഗാധ ചിന്തയിലായിരുന്നു. അതിനാല്‍ ആഗതന്റെ ചോദ്യം കേട്ടില്ല. മീനിനെ പിടിച്ചു വില്‍ക്കുന്നവന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഡയറക്ടര്‍ പറഞ്ഞു:
''എല്‍ നിനോ പായുകയും ലാ നിനാ ദുര്‍ബലമാവുകയും ചെയ്തതാണ് പ്രശ്‌നത്തിനു കാരണം. അതിന്റെ വിശദാംശങ്ങളും ദാര്‍ശനിക പ്രശ്‌നങ്ങളും എന്റെ നോവലിലുണ്ടാവും.''
കാര്യം പിടികിട്ടാതെ രോഷാകുലനായ മല്‍സ്യത്തൊഴിലാളി അലറി: ''അന്നേയും പണ്ടാരക്കാലന്‍മാരായ എല്‍ നിനോ ലാ നിനാകളെയും ഞാന്‍ തുണ്ടംതുണ്ടമാക്കും. ഇതു സത്യം.''
ഈ സംഭവത്തിനുശേഷം നോവല്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ കൊടൈക്കനാലിലേക്കു പോയെന്ന് അസൂയക്കാര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, കാലാവസ്ഥാ പ്രവചനത്തിന് കുറവൊന്നുമുണ്ടായിട്ടില്ല.
മുമ്പ്, ശാസ്ത്രം പുരോഗമിക്കുന്നതിനു മുമ്പ്, തവളകളായിരുന്നു യഥാര്‍ഥ കാലാവസ്ഥാ പ്രവചനക്കാര്‍. തവളകള്‍ കൂട്ടത്തോടെ കരഞ്ഞാല്‍ മഴദേവന് മഴ പെയ്യിക്കാതിരിക്കാനാവില്ല. എന്നാല്‍, തവളകള്‍ സായ്പന്‍മാരുടെ തീന്‍മേശയിലെ ഇഷ്ടവിഭവമായപ്പോള്‍ വംശനാശം എന്ന കല ശെയ്ത്താന്റെ നാട്ടിലുമെത്തി. തവളകള്‍ സായ്പിന്റെ ആമാശയത്തില്‍ ദഹിച്ച് അപ്രത്യക്ഷമായി. വയലുകള്‍ കോണ്‍ക്രീറ്റ് കാടുകളായതോടെ അവയുടെ ആവാസവ്യവസ്ഥയും ഇല്ലാതായി. ഈ ശൂന്യതയില്‍നിന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പൊട്ടിമുളച്ചത്.
അങ്ങനെ, ചിരിപ്പിച്ചും കരയിപ്പിച്ചും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ചാര്‍ലി ചാപ്ലിനെ അനുകരിച്ചുകൊണ്ടിരിക്കെ, ഒരു പ്രവചനം വരുന്നു: ''ഇന്ന് രാത്രി അതികനത്ത മഴ പെയ്യും.''
കനത്ത ചൂട് പ്രതീക്ഷിച്ച ജനത്തെ അമ്പരപ്പിച്ച് അന്ന് തകര്‍പ്പന്‍ മഴ പെയ്തു. പിറ്റേദിവസം ഡയറക്ടറുടെ മുറിയിലെത്തിയ അതേ മല്‍സ്യത്തൊഴിലാളി ഇപ്രകാരം ചോദിച്ചു: ''ഇതെങ്ങനെ സംഭവിച്ചു. എന്തൊരു മഴയായിരുന്നു ഇന്നലെ.''
ഡയറക്ടര്‍, മുറിയുടെ മൂലയില്‍ സ്ഥാപിച്ച ചില്ലുകൂട്ടിലേക്ക് വിരല്‍ ചൂണ്ടി. അതിനകത്ത് കൗതുകമുള്ള തവളകള്‍ സുഖനിദ്ര പൂകുന്നുണ്ടായിരുന്നു.
ഡയറക്ടര്‍ പറഞ്ഞു: ''ഇവ ആഫ്രിക്കന്‍ തവളകളാണ്. കഴിഞ്ഞ ദിവസമാണ് ഇവയെ ഇറക്കുമതി ചെയ്തത്. ഇനി കാലാവസ്ഥാപ്രവചനം തെറ്റില്ല. തവളകളല്ലേ യഥാര്‍ഥ പ്രവാചകര്‍.''
Next Story

RELATED STORIES

Share it