malappuram local

'തവനൂര്‍ മണ്ഡലത്തിന്റെ അടിസ്ഥാനവികസനത്തില്‍ എംഎല്‍എ പരാജയം'

എടപ്പാള്‍: തവനൂര്‍ മണ്ഡലത്തിന്റെ അടിസ്ഥാന വിഷയത്തില്‍ നിലവിലെ എംഎല്‍എ കെ ടി ജലീല്‍ തികച്ചും പരാജയമാണെന്ന് തവനൂരില്‍ എസ്ഡിപിഐ -എസ്പി മുന്നണി സ്ഥാനാര്‍ഥി പി കെ ജലീല്‍ കുറ്റപ്പെടുത്തി. എടപ്പാളില്‍ വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷിക പശ്ചാത്തല മേഖലകളില്‍ യാതൊരുവികസനവും കൊണ്ടുവരാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ട് എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല. മണ്ഡലത്തിന് അനുവദിച്ച കോളജിന് കെട്ടിടം പണിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാര്‍ഥികള്‍ കഷ്ടപ്പെടുകയാണ്. മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര ചികില്‍സാ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലാത്ത സ്ഥിതിയാണുള്ളത്. തിരൂര്‍, പൊന്നാനി മേഖലകളിലെ കുടിവെള്ള ക്ഷാമത്തിനും ജലസേചന സൗകര്യത്തിനും നിര്‍മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വെറും റോഡ് സൗകര്യം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.
ഇടതു-വലത് മുന്നണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മണ്ഡലത്തോടുള്ള അവഗണനയ്‌ക്കെതിരെയാണ് രണ്ടുപതിറ്റാണ്ടോളം പൊതുപ്രവര്‍ത്തന രംഗത്തും സാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവ സാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതെന്നും പി കെ ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഹീസ് പുറത്തൂര്‍, മരക്കാര്‍ മാങ്ങാട്ടൂര്‍, ബീരാന്‍കുട്ടി പോത്തനൂര്‍, ജുനൈദ് എടപ്പാള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it