malappuram local

തവനൂര്‍ ഗവ. കോളജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു; ചുട്ടുപൊള്ളുന്ന ആസ്ബസ്‌റ്റോസ് ഷീറ്റിന് താഴെ പഠിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍

കുറ്റിപ്പുറം: ചുട്ടുപഴുത്ത ആസ്ബറ്റോസ് മേല്‍ക്കൂരയ്ക്കു കീഴില്‍ ഇരുന്നു പഠിക്കാന്‍ കഴിയാതെ തവനൂര്‍ ഗവ. കോളജ് വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. തവനൂര്‍ അന്ത്യാളംകുടത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കൊടുംചൂടില്‍ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടത്തിനകത്തെ ചൂട് സഹിക്കാന്‍ കഴിയാതെയാണ് ബിഎ സോഷ്യാളജി വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചത്. തുടര്‍ച്ചയായി രണ്ടു ദിവസം ക്ലാസ് ബഹിഷ്‌കരിച്ച കുട്ടികളെ ഇനി ക്ലാസില്‍ കയറ്റേണ്ടതില്ലെന്ന് പ്രിന്‍സിപ്പല്‍ തീരുമാനിച്ചെങ്കിലും ഇന്നലെ കുട്ടികളുടെ രക്ഷിതാക്കള്‍ കോളജിലെത്തി പ്രിന്‍സിപ്പലുമായി സംസാരിക്കുകയായിരുന്നു. വേനല്‍ ഇനിയും കടുക്കുന്നതോടെ ഈ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ അധ്യയനം നടത്താന്‍ കഴിയില്ലെന്ന് കുട്ടികളും രക്ഷിതാക്കളും ഒന്നടങ്കം അഭിപ്രായപ്പെട്ടു.
ഇതോടെ കോളജിന്റെ തൊട്ടടുത്ത കെട്ടിടത്തിലുള്ള രണ്ടു ക്ലാസ് മുറികളില്‍ അധ്യയനം തുടരാമെന്ന ഉറപ്പിലാണ് രക്ഷിതാക്കല്‍ പിരിഞ്ഞുപോയത്.
സര്‍ക്കാര്‍ കോളജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് നാലു വര്‍ഷം മുമ്പ് തവനൂര്‍ മണ്ഡലത്തിലേക്ക് കോളജ് അനുവദിച്ചത്.
എന്നാല്‍, കോളജിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനെതുടര്‍ന്നായിരുന്നു ഒന്നര വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഈ കെട്ടിടം താല്‍ക്കാലികമായി കോളജ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്.
അതിനിടെ, തവനൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന നിള ചാരിറ്റബിള്‍ ട്രസ്റ്റ് മറവഞ്ചേരിയില്‍ അഞ്ചേക്കര്‍ സ്ഥലം കോളജിനായി വിട്ടുകൊടുെത്തങ്കിലും അത് ഏറ്റെടുത്ത് കെട്ടിടം നിര്‍മിക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല.
സംസ്ഥാന സര്‍ക്കാരും സ്ഥലം എംഎല്‍എയും കോളജിന്റെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it