തളിപ്പറമ്പിലെ സ്റ്റുഡിയോ തീവയ്പ്: രണ്ടുപേരെ പോലിസ് തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു

തളിപ്പറമ്പ്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പര്‍ദ്ദയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ഇസ്‌ലാംവിരുദ്ധ പരാമര്‍ശം നടത്തിയ യുവാവിന്റെ സ്റ്റുഡിയോ തീവച്ചു നശിപ്പിച്ച സംഭവത്തിലെ രണ്ടുപേരെ പോലിസ് തിരിച്ചറിഞ്ഞു. സിപിഎം അനുഭാവിയായ പുളിമ്പറമ്പ് സ്വദേശി റഫീഖിന്റെ ഒബ്‌സ്‌ക്യൂറ സ്റ്റുഡിയോ കത്തിച്ച കേസിലെ പ്രതികളെ സിസിടിവി കാമറയിലെ ദൃശ്യങ്ങളിലൂടെയാണു തിരിച്ചറിഞ്ഞത്.
മുഖംമൂടി ധരിച്ച രണ്ടുപേരാണു തീവച്ചതെന്നാണു സമീപത്തെ സ്വകാര്യ ലോഡ്ജിലെ സിസിടിവി കാമറയില്‍ നിന്നു വ്യക്തമാവുന്നത്. സ്റ്റുഡിയോയില്‍ നിന്നു ശബ്ദം കേട്ട് സമീപത്തെ ലോഡ്ജിലെ സെക്യൂരിറ്റി ജീവനക്കാരനായ കാസര്‍കോട് സ്വദേശി ഷരീഫ് സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ മുഖംമൂടി ധരിച്ച യുവാവ് ഇയാളെ പിടിച്ചുകൊണ്ടുപോയി കമ്പിവടി കാട്ടി ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് അക്രമി സ്റ്റുഡിയോയുടെ പൂട്ട് കുത്തിപ്പൊളിച്ച് തീയിടുകയും ശേഷം ഓടിരക്ഷപ്പെടുകയുമായിരുന്നു.
ഇതിനിടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നു യുവാവ് എന്തോ എടുക്കുകയും അത് ഭദ്രമായി കീശയില്‍ തന്നെ ഇടുന്നതും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അന്വേഷണസംഘം ആദ്യംതന്നെ സിസിടിവി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പാസ്‌വേഡ് ലഭിക്കാത്തതിനാല്‍ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിദഗ്ധരുടെ സഹായത്തോടെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണു ദൃശ്യങ്ങള്‍ വീണ്ടെടുത്തത്.
തടിച്ച് നീളമുള്ള ശരീരപ്രകൃതിയുള്ള യുവാവാണ് സ്റ്റുഡിയോക്ക് തീയിട്ടത്. രണ്ടാമന്‍ സ്ഥലത്തു നിന്ന് ഓടിപ്പോവുന്ന ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. നാലംഗസംഘമാണു സംഭവത്തിനു പിന്നിലെന്നാണ് പോലിസ് നിഗമനം. ഇവരുടെ മൊബൈലിലേക്ക് വന്ന ഫോണ്‍കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്. അക്രമികള്‍ ഉടന്‍ വലയിലാവുമെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് പുലര്‍ച്ചെയാണ് ഒബ്‌സ്‌ക്യൂറോ സ്റ്റുഡിയോ തീവച്ച് നശിപ്പിച്ചത്.
Next Story

RELATED STORIES

Share it