kannur local

തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം; കേരള കോണ്‍ഗ്രസ്(എം) ഉറച്ചുതന്നെ

കണ്ണൂര്‍: തളിപ്പറമ്പ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊല്ലി യുഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. നമ്പ്യാര്‍ മഹാസഭ പ്രസിഡന്റ് രാജേഷ് നമ്പ്യാറെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ്(എം) വിഭാഗം സ്ഥാനാര്‍ഥിത്വത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
സംസ്ഥാന നേതൃത്വത്വവും പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റാനാവില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) പ്രതിനിധികളായ ജോയ്‌സ് പുത്തന്‍പുരയും ജോയി കൊന്നക്കലും പറഞ്ഞു. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് പാര്‍ട്ടി നേതൃത്വമാണെന്നും ഇക്കാര്യത്തില്‍ മറ്റു ഘടകകക്ഷികള്‍ ഇടപെടേണ്ടെന്നും ഇരുവരും വാദിച്ചു.
എന്നാല്‍, മാണി കോണ്‍ഗ്രസിലെ ഏതെങ്കിലും ഘടകത്തിലെ ആരെ സ്ഥാനാര്‍ഥിയാക്കുന്നതിലും എതിര്‍പ്പില്ലെന്നും ജാതി രാഷ്ട്രീയത്തിന്റെ വക്താവായും ഇടതുമുന്നണിയുമായും ബിജെപിയുമായും ബന്ധമുള്ളയാളെ സ്ഥാനാര്‍ഥിയാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. പിന്‍വാതിലിലൂടെ സ്ഥാനാര്‍ഥിത്വം നേടുന്നത് പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ നിന്ന് അകറ്റുമെന്ന് ഒരുവിഭാഗം പറഞ്ഞു. മുന്നണി മര്യാദയനുസരിച്ച് കേരള കോണ്‍ഗ്രസ്(എം)നു സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ല.
എന്നാല്‍, മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സിപിഎം ഭൂരിപക്ഷം വന്‍തോതില്‍ കുറയ്ക്കാമെന്നിരിക്കേ ആര്‍്ക്കും ഉള്‍ക്കൊള്ളാനാവാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ കെ എം മാണിയുമായി സംസാരിച്ചതായാണു സൂചന. അതേസമയം പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നാണു വിവരം.
ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ ഡി മുസ്തഫ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടു ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാവുമെന്നാണു മുഖ്യമന്ത്രി നല്‍കിയ മറുപടി.
ഇവിടങ്ങളില്‍ പൊതുസ്വതന്ത്രരെ നിര്‍ത്താനാണു സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. പയ്യന്നൂരില്‍ ഫോക്‌ലോര്‍ അക്കാദമി സെക്രട്ടറി പ്രദീപ് കുമാറിനെ നിര്‍ത്താനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം അന്തിമ തീരുമാനമുണ്ടായേക്കും.
Next Story

RELATED STORIES

Share it