Districts

തലസ്ഥാനത്ത് മുന്നണികള്‍ അനിശ്ചിതത്വത്തില്‍

ശ്രീജിഷ പ്രസന്നന്‍
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അനന്തപുരിയില്‍ മുന്നണികളെല്ലാം കടുത്ത ആശങ്കയില്‍. യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇത് അഭിമാനപോരാട്ടമാണ്. വിട്ടുപോയ ഭരണം തിരിച്ചുപിടിക്കാനും നേടിയവ നിലനിര്‍ത്താനും പെടാപ്പാടിലാണ് ഇരുപക്ഷവും. കഴിഞ്ഞതവണത്തെ പ്രകടനം മെച്ചപ്പെടുത്തി ശക്തി തെളിയിക്കാന്‍ എസ്.ഡി.പി.ഐയും എസ്.എന്‍.ഡി.പിയെ കൂട്ടുപിടിച്ച് ജാതിരാഷ്ട്രീയം മുന്‍നിര്‍ത്തിയുള്ള ചരടുവലികളുമായി ബി.ജെ.പിയും സജീവമാണ്. പോരാട്ടത്തിന്റെ ആദ്യഘട്ടം വിജയിച്ച് പ്രചാരണത്തിന് തയ്യാറായി നില്‍ക്കുകയാണ് എല്‍.ഡി.എഫ്. താരതമ്യേന പ്രശ്‌നങ്ങളില്ലാതെ സീറ്റുവിഭജനം പൂര്‍ത്തിയാക്കാനായി എന്നതാണ് എല്‍.ഡി.എഫിന്റെ നേട്ടം.

തിരുവനന്തപുരം ജില്ലയില്‍ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചാണ് എല്‍.ഡി.എഫ്. ഒരുമുഴം മുന്നിലെത്തിയത്. ബി.ജെ.പി. പോലും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലെത്തിയിട്ടും സീറ്റ്‌വിഭജനത്തില്‍ ഉടക്കി യു.ഡി.എഫ്. ചര്‍ച്ചകള്‍ തീരുമാനമാവാതെ പിരിയുകയാണ്. പത്രിക സമര്‍പ്പണത്തിന് അവശേഷിക്കുന്ന മൂന്നു ദിനങ്ങള്‍ കൊണ്ട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുകയും പത്രിക സമര്‍പ്പിക്കുകയും ചെയ്യുകയെന്നത് യു.ഡി.എഫിന് ശ്രമകരമാണ്. മുസ്‌ലിംലീഗ് സീറ്റുകളാണ് ആദ്യം കോണ്‍ഗ്രസിനു തലവേദനയായത്. എന്നാല്‍, അക്കാര്യം ഒരുവിധം പരിഹരിച്ചപ്പോള്‍ മറ്റു ഘടകകക്ഷികള്‍ ഇടഞ്ഞു. ആര്‍.എസ്.പി, ജനതാദള്‍(യു) എന്നിവരാണ് സീറ്റ് വിഭജനത്തില്‍ ഉടക്കിടുന്നത്.

ആര്‍.എസ്.പിക്ക് കൂടുതല്‍ സീറ്റ് നല്‍കുക എന്നതാണ് യു.ഡി.എഫിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ആര്‍.എസ്.പി. മുന്നണിയില്‍ ലയിച്ച സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ന്യായമാണെന്നാണ് ആര്‍.എസ്.പിയുടെ നിലപാട്. കേരള കോണ്‍ഗ്രസ് ജേക്കബ്് ഗ്രൂപ്പിന്റെ ഒരു സീറ്റ് വെട്ടിക്കുറച്ച് പ്രശ്‌നം പരിഹരിക്കാന്‍ ആദ്യദിനങ്ങളില്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള നടത്തിയ ജനസന്ദര്‍ശന യാത്ര കഴിഞ്ഞാല്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കി എത്രയും വേഗം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നായിരുന്നു യു.ഡി.എഫ്. പറഞ്ഞിരുന്നത്.

എന്നാല്‍, ബി.ജെ.പി. പോലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫിന് സാധ്യമായില്ല എന്നത് നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു.എസ്.ഡി.പി.ഐ. ജില്ലയില്‍ 250 വാര്‍ഡുകളില്‍ മല്‍സരിക്കുന്നുണ്ട്. കോര്‍പറേഷനില്‍ 20 വാര്‍ഡുകളിലാണ് പ്രാതിനിധ്യം ഉറപ്പിക്കുന്നത്. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. നാളെ മുതല്‍ പത്രിക സമര്‍പ്പിച്ചു തുടങ്ങും.രണ്ടാംഘട്ട സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തിയാക്കി ബി.ജെ.പിയും ഇക്കുറി തിരഞ്ഞെടുപ്പ് രംഗത്ത് മുന്നേറ്റം ശക്തമാക്കിയിട്ടുണ്ട്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിനം 14 ആണ്. എന്നാല്‍, ഇന്ന് ഞായറാഴ്ച ആയതിനാല്‍ മൂന്നു ദിവസങ്ങള്‍ മാത്രമാണ് ലഭിക്കുക.
Next Story

RELATED STORIES

Share it