തലസ്ഥാനത്തെ പുതിയ മെഡിക്കല്‍ കോളജ്; ഈവര്‍ഷം പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് ജനറല്‍ ആശുപത്രിയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും ചേര്‍ത്തുള്ള പുതിയ മെഡിക്കല്‍ കോളജില്‍ ഈവര്‍ഷം പ്രവേശനം നടത്തേണ്ടതില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. നിശ്ചിതസമയത്തിനുള്ളില്‍ മതിയായ അടിസ്ഥാനസൗകര്യങ്ങളൊരുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെയും അറിയിച്ചു. ഇതോടെ 100 കുട്ടികള്‍ക്ക് 25,000 രൂപ വാര്‍ഷിക സര്‍ക്കാര്‍ ഫീസില്‍ എംബിബിഎസ് പഠിക്കാനുള്ള അവസരവും നഷ്ടമായി.
ജനറല്‍ ആശുപത്രിയിലും തൈക്കാട് ആശുപത്രിയിലും രണ്ടുതവണ പരിശോധനയ്‌ക്കെത്തിയ മെഡിക്കല്‍ കൗണ്‍സില്‍ സമിതി സൗകര്യങ്ങളില്‍ തൃപ്തരാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഈവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളജിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 24ന് അനുമതി നല്‍കിയത്. എന്നാല്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മറ്റ് അടിസ്ഥാന നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കാനായില്ലെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. 100 സീറ്റുകള്‍ 50 ആയി വെട്ടിക്കുറച്ച് കോഴ്‌സ് തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അതും പിന്നീട് ഉപേക്ഷിച്ചു. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി വകുപ്പുകളാണ് ആദ്യവര്‍ഷം ആരംഭിക്കേണ്ടിയിരുന്നത്. ഇതിനായി നൂറിലേറെ തസ്തികയാണ് മുന്‍സര്‍ക്കാര്‍ സൃഷ്ടിച്ചത്. നിയമന നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.
സംസ്ഥാനത്ത് ഈവര്‍ഷം സ്വാശ്രയമേഖലയില്‍ 700ഓളം എംബിബിഎസ് സീറ്റുകള്‍ അടിസ്ഥാന സൗകര്യമില്ലെന്ന കാരണത്താല്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വീണ്ടും 100 സീറ്റ് കൂടി നഷ്ടപ്പെടുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വയനാട് ഡിഎം, തൊടുപുഴ അല്‍ അസ്ഹര്‍, ഒറ്റപ്പാലം പികെ ദാസ്, പത്തനംതിട്ട മൗണ്ട് സിയോന്‍, മലബാര്‍ മെഡിക്കല്‍ കോളജ് എന്നിവയിലാണ് പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ തടഞ്ഞത്. വയനാട് ഡിഎം മെഡിക്കല്‍ കോളജിനും ഒറ്റപ്പാലം പി കെ ദാസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനും നാലാം ബാച്ചിനാണ് അനുമതി നഷ്ടമായത്. യഥാക്രമം 150 സീറ്റുകളാണ് ഇവിടെ ഉണ്ടായിരുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളിലേക്കുള്ള മൂന്നാം ബാച്ച് പ്രവേശനമാണ് തടഞ്ഞത്. പത്തനംതിട്ട ഏഴംകുളത്ത് മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളജില്‍ മൂന്നാം ബാച്ചിലേക്കുള്ള 100 സീറ്റിന്റെ അനുമതിയും നഷ്ടമായി. മലബാര്‍ മെഡിക്കല്‍ കോളജിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിനും വിലക്കുണ്ട്. വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജിന്റെ സീറ്റ് 50ല്‍നിന്ന് 150 ആയി ഉയര്‍ത്താനുള്ള അപേക്ഷയും കൗണ്‍സില്‍ നിരസിച്ചു. 100ല്‍നിന്ന് 150 ആയി സീറ്റ് ഉയര്‍ത്താനുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ അപേക്ഷയും എംസിഐ തള്ളി. അതേസമയം, തിരുവല്ല കുറ്റപ്പുഴ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ 100 സീറ്റിന് ഇക്കുറി അനുമതി ലഭിച്ചു.
Next Story

RELATED STORIES

Share it