Flash News

തലശ്ശേരി സ്വദേശി കഞ്ചാവ് കടത്തുകാരുടെ കെണിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലശ്ശേരി സ്വദേശി കഞ്ചാവ്  കടത്തുകാരുടെ കെണിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
X
GUNJA HUNTING

ദോഹ: നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു വരുന്നവരുടെ കൈയില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ അവരറിയാതെ കൊടുത്തയക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ നിന്നു ദോഹയിലേക്ക് പുറപ്പെട്ട അബ്ദുല്‍ സലാം എന്ന യാത്രക്കാരന്‍ കഞ്ചാവ് കടത്തുകാരുടെ കെണിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേ രാമനാട്ടുകരയില്‍ വെച്ചാണ് വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് പൊതി കൈമാറിയത്. എന്നാല്‍, വഴിയില്‍ പൊതി അഴിച്ചു നോക്കിയപ്പോഴാണ് വസ്ത്രത്തിനുള്ളില്‍ കഞ്ചാവ് കണ്ടെത്തിയത്.
വക്‌റയില്‍ സലാമിന്റെ കൂടെ ജോലി ചെയ്യുന്ന ഫറോക്ക് സ്വദേശിക്ക് കൈമാറാനാണ് അയാളുടെ സുഹൃത്ത് നാട്ടില്‍ നിന്നു പൊതി കൊടുത്തു വിട്ടത്. ഫറോക്ക് സ്വദേശി വിളിച്ചു പറഞ്ഞതായത് കൊണ്ട് പ്രത്യേകിച്ച് സംശയമൊന്നും കൂടാതെ പൊതി വാങ്ങുകയായിരുന്നുവെന്ന് സലാം പറഞ്ഞു.
ബേക്കറി സാധനങ്ങളാണ് പൊതിയിലുള്ളതെന്നാണ് പറഞ്ഞത്. പാന്‍ പരാഗ് പോലുള്ളവ ചിലര്‍ കൊടുത്തു വിടാറുണ്ടെന്നും അങ്ങനെയുള്ളതൊന്നും പൊതിയില്‍ ഇല്ലല്ലോ എന്ന് താന്‍ ഫറോക്ക് സ്വദേശിയോട് ചോദിച്ചിരുന്നു. അങ്ങനെയൊന്നും ഇല്ലെന്ന് അയാള്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍, എയര്‍പോര്‍ട്ടില്‍ എത്തും മുമ്പ് കൂടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറുടെ സുഹൃത്തുക്കളാണ് പൊതി അഴിച്ചു നോക്കാന്‍ ആവശ്യപ്പെട്ടത്. പൊതി അഴിക്കേണ്ടെന്നും പൊതി വാങ്ങാന്‍ പറഞ്ഞയാള്‍ വളരെ വിശ്വസ്തനാണെന്നും താന്‍ പറഞ്ഞെങ്കിലും കൂടെയുണ്ടായിരുന്നവര്‍ നിര്‍ബന്ധിച്ചത് കൊണ്ട് മാത്രമാണ് താന്‍ പരിശോധിക്കാന്‍ തയ്യാറായതെന്ന് സലാം പറഞ്ഞു. തുറന്നു പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍  മറ്റ് സാധനങ്ങളുടെ കൂട്ടത്തില്‍ അടിയിലായി ഒരു ജീന്‍സ് പാന്റ് കണ്ടത്. ജീന്‍സിന്റെ പോക്കറ്റില്‍ ചോക്ലേറ്റുകളുടെ കൂട്ടത്തിലാണ് കഞ്ചാവ് ഒളിപ്പിച്ച് വച്ചിരുന്നത്.
അവസാന നിമിഷം പൊതി അഴിച്ചു നോക്കിയില്ലെങ്കില്‍ താന്‍ ഇപ്പോള്‍ മയക്കുമരുന്ന് കേസില്‍ അകത്താകുമായിരുന്നുവെന്നും ദൈവത്തിന് നന്ദി പറയുന്നതായും അബ്ദുല്‍ സലാം പറഞ്ഞു.
Next Story

RELATED STORIES

Share it