kannur local

തലശ്ശേരി നഗരസഭാ ബജറ്റിന് പ്രതിപക്ഷ വിയോജിപ്പോടെ അംഗീകാരം

തലശ്ശേരി: തലശ്ശേരി നഗരസഭാ ബജറ്റിന് പ്രതിപക്ഷ വിയോജിപ്പോടെ അംഗീകാരം. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിന്‍മേല്‍ ഇന്നലെ നടന്ന ചര്‍ച്ച പ്രതിപക്ഷ-ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്‌പോരിനപ്പുറം ബഹളമോ തര്‍ക്കമോ ഇല്ലാതെ അംഗീകരിച്ചു. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ സാജിത ടീച്ചറാണ് ചര്‍ച്ച തുടങ്ങിയത്.
2014-15 വര്‍ഷത്തെ ബജറ്റിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പാണ് പുതുക്കിയ ബജറ്റെന്നും വര്‍ഷങ്ങളായി അവഗണിക്കുന്ന നഗര കുടിവെള്ള പദ്ധതി, റോഡ് വികസനം, ഒവി റോഡ് വീതി കൂട്ടല്‍ തുടങ്ങിയവ കഴിഞ്ഞ 20 വര്‍ഷമായി ആവര്‍ത്തിക്കുകയാണെന്നും അവര്‍ പറഞ്ഞു. സെയ്താര്‍പള്ളി ഭാഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും എംഎല്‍എ, എംപി ഫണ്ടുമല്ലാതെ വേറെ തുക വര്‍ധിപ്പിച്ചതായി കാണിക്കാന്‍ ബജറ്റില്‍ കഴിഞ്ഞില്ല.
പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ് എന്നിവിടങ്ങളില്‍ നഗരസഭ പണികഴിപ്പിച്ച കോംപ്ലക്‌സുകള്‍ ചോര്‍ന്നൊലിക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടും നഗരസഭാ അധികൃതര്‍ അറ്റകുറ്റപ്പണി നടത്താനോ പുതിയ ധനമാര്‍ഗങ്ങള്‍ കണ്ടെത്താനോ ബജറ്റില്‍ നിര്‍ദേശമോ പദ്ധതിയോ ഇല്ലെന്നും അവര്‍ പറഞ്ഞു. സമഗ്ര വളര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റാണ് അവഗണിച്ചതെന്നു ഭരണപക്ഷത്തെ സിപിഎം പ്രതിനിധി വിജയന്‍ പറഞ്ഞു. ഉല്‍പ്പാദന മേഖലയ്ക്കാണ് ഊന്നല്‍. പച്ചക്കറി ഉല്‍പാദനം, വിതരണം, പരിസ്ഥിതി, സിസിടിവി സ്ഥാപിക്കല്‍ എന്നിവ ഭാവിയിലേക്കുള്ള കരുതലാണെന്നും അദ്ദേഹം വിശദീകരിച്ചു. നഗരസഭയ്ക്ക് പുതിയ കെട്ടിടം പണിയാന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ തന്നെ നഗരസഭ 25 ലക്ഷം നീക്കിവച്ചിരുന്നു.
ഇത്രയും കാലം കഴിഞ്ഞിട്ടും പുതിയ ബജറ്റില്‍ ആവര്‍ത്തിച്ചത് പരിഹാസ്യമാണെന്ന് കോണ്‍ഗ്രസിലെ എം പി അരവിന്ദാക്ഷന്‍ പറഞ്ഞു. വര്‍ഷങ്ങളായി ആവര്‍ത്തിക്കുന്ന നഗര കുടിവെള്ള പദ്ധതി പുതിയ ബജറ്റിലും സ്ഥാനംപിടിച്ചു. കുടിവെള്ളമെത്തിക്കാന്‍ ചിറക്കല്‍കാവ് പരിസരത്ത് ടാങ്ക് സ്ഥാപിക്കാന്‍ കരാര്‍ ഉണ്ടാക്കുകയും അതേ സ്ഥലത്ത് ഉടമയ്ക്ക് വീട് നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തത് ഇതേ നഗരസഭയിലെ ഉദ്യോഗസ്ഥരും സമിതിയുമാണ്. അതിനാല്‍ ടാങ്ക് സ്ഥാപിക്കാനായി കെട്ടിടത്തിനു നല്‍കിയ അനുമതി റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാരായ സാജിത ടീച്ചര്‍, കെ ഇ ഗംഗാധരന്‍, ഗോപിനാഥ്, സീനത്ത്, അനില, എം കെ വിജയന്‍, ശൈലജ, അഡ്വ. രത്‌നാകരന്‍, സി കെ രമേശ് സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാ ഹാഷിം ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.
Next Story

RELATED STORIES

Share it