തലശ്ശേരിയുടെ പ്രൗഢിയും വികസനവും ചര്‍ച്ചയാവുന്നു

തലശ്ശേരിയുടെ പ്രൗഢിയും  വികസനവും ചര്‍ച്ചയാവുന്നു
X
a-n-shamseer,-thalassery

ഷാജി പാണ്ട്യാല

തലശ്ശേരി: വി ആര്‍ കൃഷ്ണയ്യരും പാട്യംഗോപാലനും ഇ കെ നായനാരും പ്രതിനിധീകരിച്ച മണ്ഡലമാണ് തലശ്ശേരി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് 2001 മുതല്‍ തലശ്ശേരിയെ പ്രതിനിധീകരിക്കുന്നത്. 1996ല്‍ മുഖ്യമന്ത്രിമണ്ഡലവും 2006ല്‍ മന്ത്രിമണ്ഡലവുമായ തലശ്ശേരിയുടെ വികസനം അന്വേഷിക്കുമ്പോള്‍, ബാക്കിപത്രം അത്ര വികസനപരമല്ലെന്നാണ് ഇടതുപക്ഷമൊഴികെയുള്ളവര്‍ വിലയിരുത്തുന്നത്. തലശ്ശേരിക്കുണ്ടായിരുന്ന ഗതകാല പ്രൗഢി അതുപോലെ തുടരാന്‍ പിന്തുടര്‍ന്നെത്തിയ ജനപ്രതിനികള്‍ക്കായോ എന്ന ചര്‍ച്ച സജീവമാണ്.
ആരോഗ്യ-വിദ്യാഭ്യാസ-ടൂറിസം മേഖലയില്‍ തലശ്ശേരിക്ക് വിവിധ വികസനപദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. ചൊക്ലിയില്‍ തലശ്ശേരി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സ്ഥാപിച്ചതും അമ്മയും കുഞ്ഞും ആശുപത്രിക്ക് ഒരു ദിവസംകൊണ്ട് ഒരു കോടിയിലധികം രൂപ സമാഹരിച്ചതും ശ്രദ്ധേയ നേട്ടമാണ്. നിരവധിയാളുകള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിക്ക് ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും ബ്ലഡ്ബാങ്ക് സ്ഥാപിച്ചതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു. തലശ്ശേരി നഗരത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കൊടുവള്ളി-ചോന്നാടം മാഹി ബൈപാസ്, തലശ്ശേരി-ടെബിള്‍ഗേറ്റ്-നാദാപുരം റോഡും നഗരപരിധികളിലെ മിക്കവാറും റോഡുകളുടെയും ടാറിങ് നടത്തിയതും വികസന നേട്ടമാണ്.
അഞ്ച് പഞ്ചായത്തുകളില്‍ ജലനിധി പദ്ധതികള്‍, സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, അങ്കണവാടികള്‍ക്ക് സ്വന്തം കെട്ടിടം എന്നിവ എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു. തലശ്ശേരി സ്റ്റേഡിയം നവീകരിക്കുന്നതിന് കോടികള്‍, ട്രാഫിക് പോലിസ് സ്‌റ്റേഷന്‍ നവീകരണം എന്നിവയും വികസന നേട്ടമായി എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു. വികസന തുടര്‍ച്ചയ്ക്ക് തന്നെ ജയിപ്പിക്കണമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എന്‍ ഷംസീര്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത്.
എന്നാല്‍, പ്രതിദിനം ആയിരക്കണക്കിന് പേര്‍ വരുകയും പോവുകയും ചെയ്യുന്ന തലശ്ശേരിയില്‍ മൂത്രപ്പുര പോലും നിര്‍മിക്കാന്‍ എംഎല്‍എക്ക് സാധ്യമായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം. കോടിയേരി ഉള്‍പ്പെടെയുള്ള മുന്‍നിര ഇടതുനേതാക്കള്‍ വികസനകാര്യങ്ങള്‍ അല്‍പംപോലും ശ്രദ്ധിച്ചില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഒരു സര്‍ക്കാര്‍ കോളജ് മണ്ഡലത്തില്‍ കൊണ്ടുവന്നതു മാത്രമാണ് കോടിയേരി ബാലകൃഷ്ണന്റെ ഭരണനേട്ടം. അതാവട്ടെ യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് സ്ഥാപിക്കപ്പെട്ടതെന്ന് എ പി അബ്ദുല്ലക്കുട്ടിയും യുഡിഎഫും പറയുന്നു. നഗരകവാടമായ സെയ്ദാര്‍പള്ളി തൊട്ട് നഗരംവരെയുള്ള വീതികുറഞ്ഞ റോഡുകള്‍ പ്രാക്തന കാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും വികസനത്തിന്റെ നേരിയ അലകള്‍പോലും തലശ്ശേരിയില്‍ പ്രത്യക്ഷപ്പെട്ടില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു. തലശ്ശേരിയെ വിപുലീകരിക്കാന്‍ യാതൊരു പദ്ധതിയും മണ്ഡലത്തെ 60 വര്‍ഷമായി പ്രതിനിധീകരിക്കുന്ന ഇടതുപക്ഷ പ്രതിനിധികള്‍ക്കായില്ലെന്ന് എസ്ഡിപിഐയുടെ എ സി ജലാലുദ്ദീന്‍ ഉള്‍പ്പെടെ യുഡിഎഫ് ഇതര സ്ഥാനാര്‍ഥികളും ആരോപിക്കുന്നു. പതിവിന് വിപരീതമായി ഇക്കുറി മണ്ഡലത്തിലെ അവികസിതാവസ്ഥയും സിപിഎം നേതൃത്വത്തില്‍ നടത്തുന്ന അസഹിഷ്ണുതയും ചര്‍ച്ചയാവുന്നുണ്ട്. പ്രാദേശിക ചാനലുകളില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന പൊതുജനം ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും കാണാതെവയ്യ.
Next Story

RELATED STORIES

Share it