kannur local

തലശ്ശേരിയില്‍ ബസ്സുകള്‍ സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ച്

തലശ്ശേരി: ട്രാഫിക് പോലിസിനെ നോക്കുകുത്തിയാക്കി തലശ്ശേരിപഴയസ്റ്റാന്റില്‍ ടൗണ്‍ ബസ്സുകള്‍ ഓടുന്നത് തോന്നുന്നത് പോലെ . നിശ്ചയിച്ച റൂട്ടില്‍ നിന്നു മാറിയാണ് ടൗണ്‍ബസ്സുക ള്‍ പുതിയസ്റ്റാന്റില്‍ നിന്നു പഴയസ്റ്റാന്റിലേക്കെത്തുന്നത്. ഇതുകാരണം കാല്‍നടയാത്രക്കാര്‍ക്കും ഇരു-മുചക്ര വാഹനങ്ങള്‍ക്കും അപകട ഭീഷണിയാവുന്നു. പുതിയ ബസ്സ്റ്റാന്റില്‍ നിന്നു പഴയ ബസ്സ്റ്റാന്റിലേക്കുള്ള ട്രിപ്പില്‍ തിരക്കേറിയ ഭാഗമായ ഒാട്ടോ-ടാക്‌സി സ്റ്റാന്റുകള്‍ക്കിടയിലുള്ള ഏറ്റവും വീതികുറഞ്ഞ റോഡിലൂടെയാണ് ടൗണ്‍ബസ്സുകള്‍ പഴയ ബസ്സ്റ്റാന്റിനകത്ത് കയറി യത്രക്കാരെ കയറ്റുന്നത്.
നഗരത്തില്‍ ഏറ്റവും തിരക്കുപിടിച്ച സമയങ്ങളിലാണ് ബസുകള്‍ ക്രമം തെറ്റിച്ചും നിയമം ലംഘിച്ചും ഓടുന്നത്. മേലൂര്‍-തലശ്ശേരി, അണ്ടല്ലൂര്‍ക്കാവ്-തലശ്ശേരി റൂട്ടുകളിലോടുന്ന ടൗണ്‍ബസ്സുകളാണ് നിയമലംഘനം പതിവാക്കി റോഡ് മാറി സര്‍വീസ് നടത്തുന്നത്.
പുതിയസ്റ്റാന്റില്‍ അനുവദിച്ചതിലുമധികം സമയം നിര്‍ത്തിയിട്ട് യാത്രക്കാരെ കയറ്റുന്ന ബസ്, അവിടെ നഷ്ടമാവുന്ന സമയം റൂട്ട് മാറി ഓടി തിരിച്ചുപിടിക്കുകയാണ്. പുതിയബസ്റ്റാന്റില്‍ നിന്ന് കീര്‍ത്തിആശുപത്രി വഴിയെത്തുന്ന ബസ് ജില്ലാ ജനറല്‍ ആശുപത്രി ജങ്ഷന്‍ ചുറ്റിവേണം പഴയബസ്റ്റാന്റില്‍ പ്രവേശിക്കേണ്ടത്. എന്നാല്‍, ഇതുമറികടന്നാണ് തിരക്കേറിയ ഭാഗത്തെ, വീതികുറഞ്ഞ റോഡിലൂടെ ബസ്സുകള്‍ കടന്നു പോവുന്നത്. പഴയ ബസ്റ്റാന്റിലെ ഓട്ടോറിക്ഷ സ്റ്റാ ന്റ് കോണ്‍ക്രീറ്റ് ചെയ്ത് ഡിവൈഡറിന് സമാനമായി വേര്‍തിരിച്ചാണ് ഓട്ടോകള്‍ക്ക് ട്രാക് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ടാക്‌സിസ്റ്റാന്റിന് ഇങ്ങിനെ കൃത്യമായി ട്രാക് നിര്‍ണയിച്ച് നല്‍കിയിട്ടില്ല. അതിനാല്‍ പൊട്ടിയ പാറക്കഷ്ണങ്ങളും സിമന്റ് കട്ടകളും നിരത്തിവച്ചാണ് ട്രാക് ക്രമീകരിച്ചിട്ടുള്ളത്.
ഇവയാകട്ടെ ഗതാഗത നിയമലംഘിച്ചെത്തുന്ന ബസ്സുകള്‍ ഭാഗികമായി തകര്‍ത്തിട്ടുമുണ്ട്. നൂറുകണക്കിന് പേര്‍ തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന നഗരത്തിന്റെ ഹൃദയ ഭാഗമാണ് പഴയസ്റ്റാന്റിലെ ഓട്ടോ-ടാക്‌സി സ്റ്റാന്റ് പരിസരം.
പഴയബസ്റ്റാന്റില്‍ നിന്ന് നോക്കിയാല്‍ കാണുന്ന സ്ഥലത്താണ് ട്രാഫിക് പോലിസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ട്രാഫിക് പോലിസിന് ഗതാഗത ലംഘനം നടത്തുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം നല്‍കിയിട്ടുണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികളും.
Next Story

RELATED STORIES

Share it