kannur local

തലശ്ശേരിയിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാവുന്നു

തലശ്ശേരി: അഞ്ചരക്കണ്ടി മൈലാടിയില്‍ നിന്നു ശുദ്ധീകരിച്ച കുടിവെള്ളം തലശ്ശേരിയിലെത്തിക്കാനായി കൊടുവള്ളി പുഴയ്ക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന്റെ പ്രവൃത്തി അന്തിമഘട്ടത്തില്‍. കാ ല്‍നടയാത്രക്കാര്‍ക്ക് പോവാനുള്ള നടപ്പാതയോടു കൂടിയാണ് പാലം നിര്‍മിക്കുന്നത്. അഞ്ചരക്കണ്ടി ടൗണിനടുത്തുള്ള പഴശ്ശികനാലിന് കുറുകെ ഇരുമ്പുപാലം, ചമ്പാട് കാളി പുഴകളില്‍ പൈപ്പുപാലം എന്നിവയുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. നാല് പാക്കേജുകളിലായി വേര്‍തിരിച്ചു നടപ്പാക്കുന്ന കുടിവെള്ള വിതരണപദ്ധതി പൂര്‍ത്തിയാവുന്നതോടെ തലശ്ശേരി നഗരപ്രദേശങ്ങളിലെയും തൊട്ടടുത്ത ധര്‍മടം, ന്യൂമാഹി പഞ്ചായത്തുകളിലെയും രണ്ടര ലക്ഷത്തോളം ജനങ്ങള്‍ക്ക് മുടങ്ങാതെ കുടിവെള്ളം ലഭ്യമാവും.
അഞ്ചരക്കണ്ടി-തലശ്ശേരി ലൈനില്‍ വ്യാപകമായ തോതില്‍ പൈപ്പ്‌പൊട്ടി കുടിവെള്ള വിതരണം ഇടയ്ക്കിടെ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് മൂന്നുവര്‍ഷം മുമ്പ് പുതിയ വിപുലീകരണ പദ്ധതിക്കു തുടക്കമിട്ടത്. കാലപ്പഴക്കവും മര്‍ദ്ദവും താങ്ങാനാവാതെ പൊട്ടുന്ന പ്രിമോപൈപ്പുകള്‍ മാറ്റി അഞ്ചരക്കണ്ടി മുതല്‍ തലശ്ശേരി വരെയുള്ള 15 കിലോമീറ്റര്‍ ദൂരത്തില്‍ ഡിഐ പൈപ്പുകള്‍ സ്ഥാപിക്കാനുമാണ് ആദ്യ പാക്കേജില്‍ ലക്ഷ്യമിട്ടത്. ഇത് ഏതാണ്ട് പൂര്‍ത്തിയാവാറായി. എന്നാല്‍ പൂര്‍ണ തോതിലാവാന്‍ മാസങ്ങള്‍ ഇനിയും വേണ്ടിവരുമെന്നാണ് സൂചന. കടുത്ത വേനലും ജലക്ഷാമവും പടിവാതില്‍ക്കലെത്തിയിരിക്കെ പദ്ധതി വേഗത്തിലാക്കാനാണു തീരുമാനം. 42.20 കോടി രൂപ ചെലഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it