Kollam Local

തലയ്ക്കടിയേറ്റ അനുജന്‍ മരിച്ചു; സഹോദരന്‍ കസ്റ്റഡിയില്‍

കുണ്ടറ: മദ്യപിച്ച് അബോധാവസ്ഥയില്‍ പരസ്പരം കൈയേറ്റം നടത്തിയ സഹോദരങ്ങളില്‍ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തലയ്ക്കടിയേറ്റ് അനുജന്‍ മരിച്ചു. പേരയം നെടുവിള വീട്ടില്‍ ജോസഫിന്റെ മകന്‍ സന്തോഷ് (32) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന്‍ സാബു (43) വിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ഓടെയായിരുന്നു സംഭവം. ജോസഫിന്റെ കൊച്ചുമകന്‍ വീട്ടിലെത്തിയപ്പോള്‍ വീട്ടിനുള്ളില്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന സന്തോഷിനെ കാണുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും മദ്യപിച്ചെത്തി മാതാവ് ജൂലിയറ്റിനെ മര്‍ദിക്കുന്നതും വീടിന് നാശനഷ്ടം ഉണ്ടാക്കുന്നതും പതിവാണെന്നും അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ അനിഷ്ട സംഭവമെന്നും ജൂലിയറ്റ് കുണ്ടറ പോലീസിനോട് പറഞ്ഞു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇവര്‍ വീടിന് നാശനഷ്ടമുണ്ടാക്കുന്നതും പതിവാണ്. പ്ലാസ്റ്റിക് കൊണ്ടുമറച്ച വാസയോഗ്യമല്ലാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഇരു സഹോദരങ്ങളും അവിവാഹിതരാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it