malappuram local

തലമുറകള്‍ക്ക് വിദ്യ പകര്‍ന്ന അബ്ദു ഹാജിക്ക് കണ്ണീരോടെ വിട

പുത്തനത്താണി: തലമുറകളുടെ ഗുരുനാഥനും കോന്നല്ലൂര്‍ ജുമാ മസ്ജിദില്‍ ദീര്‍ഘ കാലം മുഅദ്ദിനുമായിരുന്ന കോന്നല്ലൂര്‍ മറ്റത്ത് അബ്ദുല്‍ ഖാദര്‍ ഹാജി എന്ന അബ്ദു ഹാജിക്ക് ജന്മനാട് വിട നല്‍കി. അക്ഷരാഭ്യാസമില്ലാത്ത ഒരു കാലഘട്ടത്തില്‍ ഓത്തു പള്ളികള്‍ സ്ഥാപിച്ച് കോന്നല്ലൂര്‍, കാട്ടിലങ്ങാടി പ്രദേശത്തുള്ള തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി പതിറ്റാണ്ടുകളോളം വിവിധ മേഖലകളില്‍ നിറ സാനിധ്യമായി മാറിയിരുന്ന പൗരപ്രമുഖനായിരുന്നു അബ്ദു ഹാജി.
ഇദ്ദേഹം സ്ഥാപിച്ച ഓത്തുപളളികളാണ് പിന്നീട് കോന്നല്ലൂര്‍ തഹ്‌ലീമു സ്സ്വിബിയാന്‍ മദ്രസ്സ, കാട്ടിലങ്ങാടി ഹിദായത്തുല്‍ മുഹ്മിനീന്‍ മദ്രസ്സ എന്നിവയായത്. കാട്ടിലങ്ങാടി ഹിദായത്തുല്‍ മുഹ്മിനീന്‍ മദ്രസ്സയില്‍ ദീര്‍ഘകാലം പ്രധാനധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാട്ടിലങ്ങാടി പിഎംഎസ്എ യതീംഖാന സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോന്നല്ലൂര്‍ ജുമാമസ്ജിദിലെ പളളി ദര്‍സില്‍ പഠിക്കുമ്പോള്‍ തങ്ങളുടെ സഹപാഠിയായിരുന്നു. കാട്ടിലങ്ങാടി, കോന്നല്ലൂര്‍ പ്രദേശങ്ങളില്‍ വര്‍ഷങ്ങളോളം ഖുര്‍ആന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇദ്ദേഹം കാര്‍ത്തല മര്‍ക്കസിെന്റ പ്രഥമ മെമ്പര്‍മാരില്‍ ഒരാളാണ്. പ്രഥമ തിരുന്നാവായ പഞ്ചായത്തിലെ മെമ്പറായിരുന്ന അബ്ദുഹാജി നാട്ടിലെ വികസന കാര്യങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. അസുഖ ബാധിതനായിരിക്കെ ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു മരണം.
മയ്യിത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ ഇന്നലെ വൈകീട്ട് നാല് മണി യോടെ കോന്നല്ലൂര്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്തു.പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ഹക്കീം ഫൈസി ആദൃശ്ശേരി, ഹംസ കുട്ടി മുസ്‌ല്യാര്‍, വെട്ടം ആലിക്കോയ, കുറുക്കോളി മൊയ്തീന്‍ തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it