thiruvananthapuram local

തലചായ്ക്കാന്‍ ഇടമില്ല; മുത്തശ്ശി ഗ്രാമപ്പഞ്ചായത്തിന്റെ വിശ്രമകേന്ദ്രം വീടാക്കി

പാറശാല: തലചായ്ക്കാനിടമില്ലാതെ വസന്ത മുത്തശ്ശി (82) കൊല്ലയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള വിശ്രമമന്ദിരം വീടാക്കി മാറ്റി. ധനുവച്ചപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള വെയ്റ്റിങ് ഷെഡിലാണ് വസന്ത താമസമാക്കിയിരിക്കുന്നത്. മണിവിള സ്വദേശിനിയായ മുത്തശ്ശിക്ക് ആറുമക്കളുണ്ട്. അഞ്ച് ആണും, ഒരു പെണ്ണും. മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരും ബിസനസുകാരുമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവിന്റെ മരണ ശേഷം വീടുവിട്ട് ഇറങ്ങിയ വസന്തയ്ക്ക് നാട്ടുകാരുടെ ആശ്രയമാണ് ഭക്ഷണത്തിനും വസ്ത്രത്തിനും അവസരമൊരുക്കുന്നത്. പലതവണ വിശ്രമകേന്ദ്രം സ്വന്തമാക്കിയ മുത്തശ്ശിയെ പഞ്ചായത്ത് അധികൃതര്‍ മകനായ മണിവിളയിലെ ശശിധരന്റെ വീട്ടിലെത്തിച്ചെങ്കിലും മകന്റെ മരണത്തെ തുടര്‍ന്ന് അവിടെ നിന്നും ഇവര്‍ പടിയിറങ്ങുകയായിരുന്നു. മക്കളില്‍ ചിലര്‍ വര്‍ധക്യ പെന്‍ഷന്‍ വരുമ്പോള്‍ അതും കൈക്കലാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വെയ്റ്റിങ് ഷെഡില്‍ രാത്രികാലങ്ങളില്‍ മണ്ണെണ്ണവിളക്കും തെളിയിച്ചാണ് ജീവിതം. ഷെഡിനു മുമ്പില്‍ തന്നെ അടുപ്പുകള്‍ കൂട്ടിയാണ് പാചകവും ഊണും. വഴിയാത്രക്കാരാണ് കൂടുതലും അമ്മക്ക് തുണയെന്ന് അവര്‍ പറയുന്നു.
ഒരു കാലത്ത് സമ്പന്നമായ രീതിയില്‍ കഴിഞ്ഞിരുന്നതാണ് ഈ മുത്തശ്ശിയെന്ന് മണിവിള സ്വദേശികളായ നാട്ടുകാര്‍ പറയുന്നു. മുമ്പും പല പ്രാവശ്യം ഈ വെയ്റ്റിങ് ഷെഡില്‍ നിന്നും ഇവരെ പഞ്ചായത്ത് അധികൃതര്‍ ഇറക്കി വിട്ടിട്ടുണ്ട്.
ഏക ദുഃഖം മക്കളില്‍ പ്രിയങ്കരനായ ശശിധരന്‍ എന്ന മകനെ കുറിച്ചും മക്കളെകുറിച്ചുമാണ്. ഒരു മകന്റെ വീടിനു മുന്നിലെ കടവരാന്തയില്‍ ഉറങ്ങിയിരുന്ന വസന്തയെ അവിടെ വെള്ളം കോരിയൊഴിച്ച് ഏഴുന്നേല്‍പ്പിച്ച് വിട്ടുവെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it