തറവാട് വോട്ടുകള്‍ ചിതറിത്തെറിച്ച് കോഴിക്കോട്ടെ കുറ്റിച്ചിറ

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: ഒരു കൗണ്‍സിലര്‍ ആരായിരിക്കണമെന്ന് വിധിയെഴുതാന്‍ മാത്രം വോട്ടുകളുണ്ടായിരുന്ന തോപ്പില്‍ തറവാടും കോയസ്സന്‍ വീടും കൊശാനി വീടും കുഞ്ഞിത്താന്‍ മാളിയേക്കലും ഒക്കെയുള്ള ഡിവിഷനാണ് കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ. തോപ്പില്‍ തറവാട്ടില്‍ മാത്രം 100ലേറെ വോട്ടര്‍മാര്‍. കൊശാനി വീട്ടിലും ഉണ്ടായിരുന്നു 70ലേറെ വോട്ടുകള്‍. പിന്നെ കല്യാണം വീടും ഖാദിയാരകവും വോട്ടര്‍മാരുടെ കാര്യത്തില്‍ സമ്പന്നമായിരുന്നു.
കുറ്റിച്ചിറ കോഴിക്കോട് നഗരത്തിന്റെ പൈതൃക ഭൂമിയാണ്. സത്യസന്ധനായ രാജാവിനെ തേടിവന്ന ഹോജയ്ക്കും അന്ന് കുറ്റിച്ചിറയെ അറിയാമായിരുന്നു. യമന്‍കാരായിരുന്ന ബറാമികള്‍, തമിം മുസ്‌ലിംകള്‍, ദാവൂദി ബോറമാര്‍, വട്ടക്കോളികള്‍ എന്ന് കോഴിക്കോട്ടുകാര്‍ വിളിക്കുന്ന ബട്കല്‍ മുസ്‌ലിംകള്‍, ജിഫ്‌റി വംശം, ജമലുല്ലൈലി വംശം, കച്ച് മേമന്‍മാര്‍ ഇങ്ങനെ കുറ്റിച്ചിറയില്‍ വന്നുകൂടിയവര്‍ ഇനിയും എത്രയോ പേര്‍.
ഏറെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ദേശമാണു കുറ്റിച്ചിറ. ഇത്തവണ പട്ടികജാതി വനിതകള്‍ക്കാണ് ഡിവിഷന്‍ സംവരണം ചെയ്തത്. അതുകൊണ്ടു രണ്ടു കീഴാള വനിതകള്‍ തമ്മിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. അതിനാല്‍ കുറ്റിച്ചിറക്കാര്‍ക്ക് ഇത്തവണ കുറ്റിച്ചിറക്കാരിയെ സ്ഥാനാര്‍ഥിയാക്കാനായില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ ശ്രീകലയും ജനകീയ മുന്നണിയിലെ ശാന്ത വലിയപറമ്പുമാണു മല്‍സരിക്കുന്നത്. ഇതുമൂലം കുറ്റിച്ചിറക്കാരുടെ രാഷ്ട്രീയ ആവേശം ഇക്കുറി കുറഞ്ഞു. ഇക്കുറി വോട്ടിങ് ശതമാനം 60നു മുകളില്‍ വരില്ലെന്നാണ് കുറ്റിച്ചിറയിലെ രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
സിപിഎം, സിപിഐ, എന്‍സിപി, ജനതാദള്‍ (എസ്), കോണ്‍ഗ്രസ് (എസ്), വെല്‍ഫെയര്‍ പാര്‍ട്ടി, ഐഎന്‍എല്‍ എന്നിവരെല്ലാം ചേര്‍ന്ന് 'പത്തേമാരിയാണ്' ജനകീയ മുന്നണി. ഇവരുടെ സ്ഥാനാര്‍ഥി ശാന്ത വലിയപറമ്പില്‍ ഒരു ദശാബ്ദമായി 'കുടുംബശ്രീ' പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തുണ്ട്. ബലൂണാണ് ചിഹ്നം.
ശ്രീകല സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിച്ചുവരുന്നു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായി കോണി ചിഹ്നത്തിലാണ് ശ്രീകല പോരിനിറങ്ങുന്നത്. കോഴിക്കോട്ടെ 75 ഡിവിഷനുകളില്‍ എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന ഏക ഡിവിഷനും ഇതാണ്.
Next Story

RELATED STORIES

Share it