malappuram local

തറക്കല്ലിടല്‍ കഴിഞ്ഞിട്ട് ഏഴ് മാസം; കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മാണം തുടങ്ങിയില്ല

കാളികാവ്: തറക്കല്ലിട്ട് ഏഴ് മാസമായിട്ടും കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിട നിര്‍മാണം തുടങ്ങിയില്ല. കാളികാവ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന്റെ സ്ഥലത്താണ് ബ്ലോക്ക് ഓഫിസിന് കെട്ടിടം നിര്‍മിക്കുമെന്ന് പറഞ്ഞിരുന്നത്. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ 34 സെന്റ് സ്ഥലം റവന്യൂ വിഭാഗം പാട്ട വ്യവസ്ഥയില്‍ 30 വര്‍ഷക്കാലാവധിയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ട് മന്ത്രിമാരും സ്ഥലം എംപിയും ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് വലിയ മാമാങ്കമായി നടത്തിയിരുന്നു. 2015 സപ്തംബര്‍ മാസത്തില്‍ കാളികാവ് ജങ്ഷന്‍ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു തറക്കല്ലിടല്‍ നടന്നത്. ഗ്രാമ വികസന മന്ത്രി കെ സി ജോസഫ്, ടൂറിസം-പിന്നാക്ക ക്ഷേമ മന്ത്രി എ പി അനില്‍കുമാര്‍, എംപി എം ഐ ഷാനവാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാഫലകം അനാച്ഛാദന ചടങ്ങ്. '
എന്നാല്‍, ഇതുവരെയായി സ്ഥലത്ത് കുറ്റിയടിക്കല്‍ പോലും നടന്നിട്ടില്ല. ഓഫിസിന് നിര്‍ദേശിച്ച സ്ഥലത്തുണ്ടായിരുന്ന വിലപിടിപ്പുളള മരങ്ങള്‍ മുറിച്ച് വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഓഫിസ് കെട്ടിടം കരുവാരകുണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ആസ്ഥാനത്ത് തന്നെ ഓഫിസിന് കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്.
ഭീമമായ സംഖ്യ വാടക കൊടുത്താണ് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഓഫിസിനുവേണ്ടി ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ കാട് മൂടി കിടക്കുകയാണ്. ശിലാസ്ഥാപന ഉദ്ഘാടനത്തിന് ആളെക്കൂട്ടാന്‍ ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെയും അംങ്കണവാടികള്‍ അടച്ചുപൂട്ടി ജീവനക്കാരെ സദസ്സിലേക്ക് എത്തിച്ച സംഭവവും വിവാദമായിരുന്നു.
Next Story

RELATED STORIES

Share it