kannur local

തര്‍ക്കങ്ങള്‍ തീര്‍പ്പാക്കി പിണറായി തട്ടകത്തിലെത്തി

ബഷീര്‍ പാമ്പുരുത്തികണ്ണൂര്‍: സംസ്ഥാനത്ത് സിപിഎം മല്‍സരിക്കുന്ന സീറ്റുകളിലെ തര്‍ക്കങ്ങള്‍ തീര്‍ത്തും എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ വെട്ടിനിരത്തില്‍ നടപ്പാക്കിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സ്വന്തം തട്ടകത്തിലെത്തി. ഇനിയുള്ള ദിവസങ്ങളില്‍ ധര്‍മടത്ത് പ്രചാരണത്തിലേര്‍പ്പെടാനാണു തീരുമാനം. ഇന്നു ധര്‍മടത്ത് നടക്കുന്ന കുടുംബയോഗങ്ങളിലൂടെ  പ്രചാരണം തുടങ്ങും. എല്‍ഡിഎഫ് അധികാരത്തില്‍ വരികയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൂടുതല്‍ പരിഗണിക്കുന്ന പിണറായി വിജയന്‍ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേ പതിവിനു വിപരീതമായി സിപിഎമ്മിലുണ്ടായ ഭിന്നതകളെല്ലാം തീര്‍പ്പാക്കിയാണ് പിണറായി നാട്ടിലെത്തിയത്. കൊല്ലത്ത് സിപിഎം സ്ഥാനാര്‍ഥിയായി ചലച്ചിത്ര താരം മുകേഷിന്റെ പേര്‍ ഉയര്‍ന്നുവന്നതു മുതല്‍ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ ചൊല്ലി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും എതിര്‍പ്പ് ഒഴിവായിരുന്നില്ല. ഒടുവില്‍ പിണറായി വിജയന്‍ നേരിട്ടെത്തിയാണ് മുകേഷിന്റെ പേര് നിര്‍ദേശിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോവാന്‍ നിര്‍ദേശിക്കുകയും ചെയ്തത്. പാര്‍ട്ടിയില്‍ സംസ്ഥാന സെക്രട്ടറിയുടേതിനു തുല്യമായതോ അതിനുമപ്പുറത്തോ കമ്മാന്റിങ് പവറുള്ള നേതാവായി പിണറായി വിജയന്‍ ഇപ്പോഴും തുടരുന്നുവെന്നതാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ സിപിഎമ്മിനൊപ്പം നിന്ന പിണറായി വിജയന്‍ 1996 മുതല്‍ 1998 വരെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി, സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്ത ശേഷം പൂര്‍ണമായും സംഘടനാ തലത്തിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ ശോഭിച്ച 72കാരനായ പിണറായി 1998 മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന വിജയന്‍ ഇക്കുറി സ്വന്തം വാര്‍ഡ് ഉള്‍പ്പെടുന്ന ധര്‍മടത്ത് തന്നെയാണ് ജനവിധി തേടുന്നത്. മികച്ച ലീഡോടെ സിപിഎം ജയിച്ചുവരുന്ന പയ്യന്നൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ പിണറായിക്കു വേണ്ടി നീക്കിവച്ചിരുന്നെങ്കിലംു സ്വന്തം തട്ടകത്തില്‍ നിന്നു തന്നെ ജയിച്ചുകയറുകയെന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി ധര്‍മടത്തു മല്‍സരിക്കുന്നത്. 1970ല്‍ 26ാം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നാണ് പിണറായി ആദ്യമായി കേരള നിയമസഭയിലെത്തിയത്. 1977ലും 1991ലും കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നു 1996ല്‍ പയ്യന്നൂരില്‍ നിന്നും ആ തിരഞ്ഞെടുപ്പിലെ അന്നുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണു ജയിച്ചത്. തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ അടുത്തുവരുമ്പോഴേക്കും രാഷ്ട്രീയ കേരളത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്ന ധര്‍മടത്ത് വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രചാരണവുമായി മുന്നേറാനാണു പിണറായിയുടെ തീരുമാനം.
Next Story

RELATED STORIES

Share it