തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും

ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കുമെന്ന് റിപോര്‍ട്ട്. സുനന്ദയുടെ മരണം അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് പ്രത്യേക അന്വേഷണ സംഘം കേസന്വേഷണവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തു. തരൂരിന്റെ ഡ്രൈവര്‍ ബജ്‌രംഗി, വീട്ടു ജോലിക്കാരന്‍ നരൈന്‍ സിങ്, തരൂരിന്റെ കുടുംബ സുഹൃത്ത് സഞ്ജയ് ധവാന്‍ തുടങ്ങി അഞ്ച് പേരെയാണ് ചോദ്യം ചെയ്തത്. ഡല്‍ഹി ലോധി കോളനിയിലെ ഒരു മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെയും ചോദ്യം ചെയ്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. സുനന്ദയുടെ മരണത്തിന് കാരണമായതെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ച വിഷാദത്തിനുള്ള മരുന്നുകള്‍ സുനന്ദയുടെ മരണത്തിന് മുമ്പ് ആരാണ് വാങ്ങിയതെന്ന് സ്ഥിരീകരിക്കാനാണ് ഇത്.
മരണത്തിന് കാരണമാവാന്‍ മാത്രം സുനന്ദയുടെ ശരീരത്തില്‍ മരുന്നുകള്‍ എത്തിയത് വായയിലൂടെയാണോ അതോ ഇന്‍ജക്ട് ചെയ്താണോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
സുനന്ദയെ പരിശോധിച്ച ഡോക്ടറെയും പോലിസ് ചോദ്യം ചെയ്‌തെന്ന് റിപോര്‍ട്ടുകളുണ്ട്.നേരത്തെ നടത്തിയ ചോദ്യം ചെയ്യലുകളില്‍ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ട 2014 ജനുവരി 17ന് സുനന്ദയും തരൂരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് ബജ്‌രംഗിയും നരൈനും മൊഴി നല്‍കിയിരുന്നു. തരൂരിന് പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ഉണ്ടായിരുന്ന ബന്ധമാണ് സുനന്ദയും തരൂരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്ന് കരുതപ്പെടുന്നു. കഴിഞ്ഞ വര്‍ഷമാണ് ഡല്‍ഹി പോലിസ് സംഭവത്തില്‍ കൊലപാതകത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
ഡല്‍ഹി പോലിസ് മേധാവി ബി എസ് ബസ്സി ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് പോലിസ് ഇപ്പോള്‍ അന്വേഷണം വീണ്ടും ഊര്‍ജിതമാക്കിയിരിക്കുന്നത്. തന്റെ വിരമിക്കലിന് മുമ്പ് കേസില്‍ പുരോഗതിയുണ്ടാവണമെന്ന ബസ്സിയുടെ താല്‍പര്യമാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലുകള്‍ക്കും മറ്റും കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
Next Story

RELATED STORIES

Share it