wayanad local

തരുവണ-നടക്കല്‍-ഉപ്പുനട റോഡ്; നവീകരണ പ്രവൃത്തികള്‍ എങ്ങുമെത്തിയില്ല

മാനന്തവാടി: വെള്ളമുണ്ട പഞ്ചായത്തിലെ സുപ്രധാന റോഡുകളിലൊന്നായ തരുവണ-നടക്കല്‍-ഉപ്പുനട റോഡിന്റെ നവീകരണ പ്രവൃത്തികള്‍ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. പ്രധാന മന്ത്രിയുടെ ഗ്രാമീണ്‍ ഡസ്‌ക് യോജന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മാണം തുടങ്ങിയ റോഡിലാണ് പണി പൂര്‍ത്തിയാവാതെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുരിതമായി തുടരുന്നത്.
നടക്കല്‍ മുതല്‍ ഉപ്പുന്നട വഴി പാതിരിച്ചാലിലെത്തുന്ന പഞ്ചായത്ത് റോഡാണ് 2012ല്‍ പിഎംജിവൈ പദ്ധതിയിലുള്‍പ്പെടുത്തി 1.73 കോടി രൂപ നവീകരണത്തിനായി വകയിരുത്തിയത്. നടക്കലില്‍ തുടങ്ങി കോക്കടവില്‍ എത്തിച്ചേരുന്ന വിധത്തിലായിരുന്നു റോഡിന്റെ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 3.17 കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ ഒമ്പതു കലുങ്കുകള്‍ നിര്‍മിക്കാനും സുരക്ഷാ ഭിത്തികള്‍ നിര്‍മിക്കാനുമുള്‍പ്പെടെ തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ കരാറെടുക്കാന്‍ ആളില്ലാതെ വന്നതോടെ എസ്റ്റിമേറ്റ് തുക പുതുക്കി 2.45 കോടി രൂപയാക്കി 2013ല്‍ കരാര്‍ നല്‍കുകയായിരുന്നു.
രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാവേണ്ട ജോലികള്‍ തുടക്കത്തില്‍ വളരെ വേഗത്തില്‍ നടന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. എട്ടു മീറ്റര്‍ വീതിയാണ് റോഡിന് നിശ്ചയിച്ചതെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പലയിടത്തും വീതി കുറച്ചാണ് പണി ആരംഭിച്ചത്. മണ്‍പണി പൂര്‍ത്തിയായതൊഴിച്ചാല്‍ സോളിങും ലെവലൈസിങ് ടാറിങ് തുടങ്ങിയ പണികളെല്ലാം ഇപ്പോഴും ബാക്കിയാണ്. ഉപ്പുന്നട, ചങ്ങാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡിന്റെ പണിപൂര്‍ത്തിയാവാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഈ കാലവര്‍ഷത്തിലെങ്കിലും ചെളി പുരളാതെ റോഡിലൂടെ പോവാന്‍ കഴിയുമെന്ന വിശ്വാസം ഇപ്പോള്‍ നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it