wayanad local

തരുവണ-കക്കടവ് റോഡ് നവീകരണം വൈകുന്നു; നാട്ടുകാര്‍ ദുരിതത്തില്‍

പനമരം: വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ-കക്കടവ് റോഡ് നവീകരണം വൈകുന്നതു മൂലം നാട്ടുകാര്‍ ദുരിതത്തിലായി. പ്രതിദിനം നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്.
തരുവണയില്‍ നിന്നു മൂന്നര കിലോമീറ്റര്‍ ദൂരമാണ് കക്കടവ് പാലത്തിലേക്കുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച റോഡിന്റെ ടാറിങും സോളിങും കാല്‍നടയാത്ര പോലും കഴിയാത്ത വിധത്തില്‍ തകര്‍ന്നു.
ടൗണില്‍ നിന്ന് ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി വരില്ല. ആറു വര്‍ഷം മുമ്പ് മലയോര വികസന പദ്ധതിയില്‍പ്പെടുത്തി 30 ലക്ഷം രൂപ വകയിരുത്തിയെന്നു പ്രചാരണമുണ്ടായതല്ലാതെ നടപടികളെടുത്തില്ല.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ എത്തിയില്ലെന്ന മറുപടിയാണ് നാട്ടുകാര്‍ക്ക് ലഭിച്ചത്. ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് വകയിരുത്തിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
വെള്ളമുണ്ട, പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും കല്‍പ്പറ്റയിലേക്ക് എളുപ്പത്തില്‍ എത്താവുന്നതുമായ കക്കടവ് പാലം തുറന്നതോടെ വാഹനയോട്ടം കൂടിയിട്ടുണ്ട്. ഇതോടെ ശേഷിക്കുന്ന കല്ലുകള്‍ കൂടി ഇളകി യാത്ര ദുസ്സഹമായി.
റോഡിനായി തരുവണ, മഴുവന്നൂര്‍, പാലിയാണ വാര്‍ഡുകളിലെ ഫണ്ട് വിഹിതം ഉപയോഗിക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞില്ല. ബസ് സര്‍വീസ് നിലയ്ക്കാതിരിക്കാന്‍ റോഡിലെ കുഴികളെങ്കിലും അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it