thiruvananthapuram local

തമ്മിലടിക്കിടെ ഒരാള്‍ മരിച്ച സംഭവം: ഒളിവില്‍ പോയ പ്രതി പിടിയില്‍

വിഴിഞ്ഞം: തമ്മിലടിയില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. വിഴിഞ്ഞം അടിമലത്തുറയില്‍ സംഘര്‍ഷത്തിന് നേരിയ അയവ്. ഏറെ നാടകീയതയ്‌ക്കൊടുവില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയ്യാറായി. അടിമലത്തുറ പുറമ്പോക്ക് പുരയിടത്തില്‍ സൈമണി (50) ന്റെ മരണവുമായി ബന്ധപ്പെട്ട് അടിമലത്തുറ സ്വദേശി അലക്‌സാണ്ടറാ(40)ണ് ഇന്നലെ വൈകീട്ടോടെ പിടിയിലായത്.
കഴിഞ്ഞ ദിവസം ആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരും തയ്യാറായില്ല. ജില്ലാ കലക്ടര്‍ പള്ളിവികാരിയെയും നാട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉണ്ടാവാത്തതിനാല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടയില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചത് കാര്യങ്ങള്‍ വഷളാക്കി.
മൃതദേഹം വിട്ടുകിട്ടാത്തത് പള്ളിവികാരി പറഞ്ഞിട്ടാണെന്ന ദുഷ്പ്രചാരണം അദ്ദേഹത്തെ തടഞ്ഞുവയ്ക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിച്ചതായി പോലിസും പറയുന്നു. തുടര്‍ന്ന് പള്ളിവികാരി മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തെഴുതി.
ഇതിനിടയില്‍ അടിമലത്തുറയിലെത്തിയ രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. പോലിസിനെ കണ്ട് കഴിഞ്ഞ ദിവസം ജനം ക്ഷുഭിതരാവുന്നത് കണക്കിലെടുത്ത് ഇന്നലെ എല്ലാവരും സ്ഥലത്തുനിന്ന് പിന്‍വാങ്ങിയിരുന്നു.
വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് വന്‍ പോലിസ് സംഘവും ദ്രുതകര്‍മസേനയും അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിഴിഞ്ഞം സ്‌റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്നു. പോലിസുകാര്‍ മഫ്തിയില്‍ ബൈക്കില്‍ കറങ്ങിയും ചാരന്‍മാര്‍ മുഖാന്തരവും സ്ഥിതിഗതികള്‍ അപ്പപ്പോള്‍ അറിഞ്ഞു.
പ്രതിയെ കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നാട്ടുകാരുടെ പിടിവാശിക്കിടയിലാണ് ഇയാള്‍ പോലിസ് വലയിലായത്. അതിനു ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മെഡിക്കല്‍ കോളജിലെത്തിയത്. പള്ളിവികാരിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്‌കരിക്കാന്‍ തയ്യാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ മൃതദേഹം വിട്ടുകൊടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സഹോദരന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയതെന്ന് പോലിസ് അറിയിച്ചു.
രാത്രിയോടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ സംസ്‌കരിക്കുമെന്ന് അറിയുന്നു. സിറ്റി പോലിസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍, അസി. കമ്മീഷണര്‍ ശിവ വിക്രം, ഫോര്‍ട്ട് എസി സുധാകരന്‍ പിള്ള, സ്‌പെഷ്യല്‍ ബ്രാഞ്ച് എസി പ്രജി ജേക്കബ്, നാര്‍ക്കോട്ടിക് സെല്‍ എ സി ദത്തന്‍, കണ്‍ട്രോള്‍ റൂം എസി പ്രമോദ് കുമാര്‍ തുടങ്ങിയ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തും അടിമലത്തുറയിലും എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അടിമലത്തുറയില്‍ ഒരാഴ്ച മുമ്പ് രണ്ടു പേര്‍ തമ്മിലുണ്ടായ കൈയാങ്കളിയില്‍ ഒരാള്‍ മരണപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് ഇന്നലെയാണ് കുറച്ചെങ്കിലും അയവുവന്നത്.
Next Story

RELATED STORIES

Share it