thiruvananthapuram local

തമ്പാനൂരില്‍ ഹ്രസ്വദൂര സര്‍വീസുകളും സ്റ്റേഷനുള്ളില്‍ നിന്നും സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: തമ്പാനൂരില്‍ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാക്കുന്ന വിധം റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന കെഎസ്ആര്‍ടിസി ഹ്രസ്വദൂര ബസുകള്‍ ഇനി സ്‌റ്റേഷനുള്ളില്‍ നിന്നും സര്‍വീസ് നടത്തും.
നവംബര്‍ മാസത്തോടെ ഹ്രസ്വദൂര ബസുകളും സ്‌റ്റേഷനുള്ളില്‍ നിന്നും സര്‍വീസ് തുടങ്ങാനാവുന്ന വിധം സര്‍വീസുകള്‍ പുനക്രമീകരിക്കാനാണ് തീരുമാനം. ഇതോടെ യാത്രക്കാരുടെ ദുരതത്തിനും പരിഹാരമാവും. നിലവില്‍ ശ്രീകുമാര്‍ തിയേറ്ററിനു മുന്‍വശം, ആര്‍എംഎസിനു മുന്‍വശം, തമ്പാനൂര്‍ പോലിസ് സ്‌റ്റേഷനു മുന്‍വശം എന്നിവിടങ്ങളില്‍ നിന്നാണ് ഹൃസ്വദൂര ബസ്സുകള്‍ സര്‍വീസ് നടത്തുന്നത്. ദിവസേന നൂറുകണക്കിന് ബസ്സുകള്‍ ഇത്തരത്തില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം രൂക്ഷമായ ഗതാഗതക്കുരുക്കാണ് തമ്പാനൂരില്‍ അനുഭവപ്പെടുന്നത്.
ഇത് ടെര്‍മിലനിനലിനുള്ളിലേക്കു മാറ്റുന്നതോടെ ഗതാഗതക്കുരുക്കിനും പരിഹാരമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കോടികള്‍ മുടക്കിയാണ് പുതിയ ടെര്‍മിനല്‍ ആരംഭിച്ചതെങ്കിലും ബസുകള്‍ ആവശ്യത്തിനു പാര്‍ക്ക് ചെയ്യാന്‍ കഴിയാത്തതിനാല്‍ റോഡില്‍ നിന്നായിരുന്നു പല ഹ്രസ്വദൂര സര്‍വീസുകളും ആരംഭിച്ചിരുന്നത്. ബസ് സ്‌റ്റേഷനുള്ളില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനായി 26 ബസ് ബേകള്‍ ഉണ്ടെങ്കിലും പകുതിയും ഉപയോഗിക്കാതെ കിടക്കുകയാണ്. നിലവില്‍ 712 ദീര്‍ഘദൂര സര്‍വീസുകള്‍ ടെര്‍മിനലിന് ഉള്ളില്‍ നിന്നും 500 സര്‍വീസുകള്‍ പുറത്തു നിന്നുമാണ് സര്‍വീസ് നടത്തുന്നത്. മുഴുവന്‍ സര്‍വീസുകളും ടെര്‍മിനലില്‍ നിന്ന് ആരംഭിക്കുമ്പോള്‍ ചില ഷെഡ്യൂളുകള്‍ പുനക്രമീകരിക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു. ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് കൂടുതല്‍ സമയം സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്കിങ് അനുവദിക്കില്ല. സ്റ്റാന്‍ഡില്‍ എത്തി യാത്രക്കാരെ ഇറക്കിയശേഷം ഉടന്‍ തന്നെ അടുത്ത സര്‍വീസുകള്‍ ആരംഭിക്കണം. നെയ്യാറ്റിന്‍കര, പാറശാല, വെള്ളറട, കാട്ടാക്കട, നെടുമങ്ങാട്, പാലോട്, കണിയാപുരം, വിഴിഞ്ഞം, പൂവാര്‍ എന്നിവിടങ്ങളിലേക്കുള്ള ഹൃസ്വദൂര സര്‍വീസുകളാണ് പുറത്തുനിന്നും ആരംഭിക്കുന്നത്. കൂടാതെ തമിഴ്‌നാട് ബസുകള്‍ക്കും ടെര്‍മിനലില്‍ നിന്നു സര്‍വീസ് നടത്താനുള്ള അനുമതി നല്‍കും. നിലവില്‍ തമിഴ്‌നാട് ബസുകള്‍ ബസ് സ്‌റ്റേഷന് മുമ്പില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത്. പഴയ കോഫിഹൗസിനോടു ചേര്‍ന്നുള്ള ഭാഗത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ പാര്‍ക്കിങ് സ്ഥലത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് അരംഭിച്ച ശേഷമാവും പൂര്‍ണമായും ടെര്‍മിനലില്‍ നിന്നു മുഴുവന്‍ സര്‍വീസുകളും ആരംഭിക്കുക.
Next Story

RELATED STORIES

Share it