തമിഴ് ഭാഷാ വികാരം മുതലെടുക്കാനും നീക്കം

എ അബ്ദുല്‍ സമദ്

കുമളി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ജില്ലയില്‍ തമിഴ് വികാരം ഇളക്കിവിട്ട് വോട്ട് പിടിക്കുന്നതായി ആരോപണം ഉയരുന്നു. തമിഴ് തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തേയിലത്തോട്ടങ്ങളും കോളനികളും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തകര്‍ ക്യാംപ് ചെയ്യുന്നത്. ജയലളിതയുടെ വിശ്വസ്തരായ മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ജില്ലയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മണ്ഡലങ്ങളിലെ കുഗ്രാമങ്ങളില്‍ പോലും പാര്‍ട്ടി പതാക ഉയര്‍ത്തുന്നതിന് തമിഴ്‌നാട്ടില്‍ നിന്നും എംഎല്‍എ ഉള്‍പ്പെടെയുള്ളവരാണ് എത്തുന്നത്. തമിഴ് വികാരം ഉണര്‍ത്തുന്ന തരത്തിലാണ് ഇവരുടെ സംസാരം.
ജില്ലയില്‍ മൂന്നിടങ്ങളില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. ദേവികുളത്ത് ഭാഗ്യലക്ഷ്മി, ഉടുമ്പന്‍ചോലയില്‍ സോമന്‍, പീരുമേട് സി അബ്ദുല്‍ ഖാദര്‍ എന്നവരാണ് സ്ഥാനാര്‍ഥികള്‍.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തമിഴര്‍ സംഘടിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂന്നാറില്‍ കേരള വിരുദ്ധ പ്രകടനവും നടന്നു.
വോട്ട് അനുകൂലമാക്കുന്നതിന് വന്‍തുക പാര്‍ട്ടി ചെലവിടുന്നതായും വാര്‍ത്തകളുണ്ട്. കുമളി ടൗണിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് പണമിടപാടുകള്‍ നടത്തുന്നതെന്നാണ് അറിയുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ചും ഇന്റലിജന്‍സും അണ്ണാ ഡിഎംകെയുടെ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് പോലിസിന്റെ വാദം.
Next Story

RELATED STORIES

Share it