തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ നിന്ന് 35 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കടത്തുകയായിരുന്ന 34,99,000 രൂപയുടെ കുഴല്‍പ്പണം എക്‌സൈസ് നടത്തിയ പരിശോധനയില്‍ പിടികൂടി. തമിഴ്‌നാട് രാമനാഥപുരം ഏര്‍വാട് സ്വദേശി സിക്കന്തര്‍ (33), ഭാര്യ ഷാഹുല്‍ഹമീദുമ്മ (26) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
ആയിരത്തിന്റെ 22ഉം അഞ്ഞൂറിന്റെ 26ഉം നോട്ടുകെട്ടുകളാണു കണ്ടെടുത്തത്. പൊള്ളാച്ചി-പാലക്കാട് റൂട്ടില്‍ ബി.പി.എല്‍. കൂട്ടുപാതയില്‍ രാവിലെ 6.30നാണ് എക്‌സൈസ് സംഘം തിരച്ചില്‍ നടത്തിയത്. പ്രതികളെ കസബ പോലിസ് പാലക്കാട് ടൗണ്‍ സൗത്ത് പോലിസിന് കൈമാറി. പ്രതികളെയും പണവും പോലിസ് കോടതിയില്‍ ഹാജരാക്കും. എക്‌സൈസിന്റെ പതിവ് പരിശോധനയിലാണു സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജീവ്കുമാര്‍, രാജേഷ്, അനില്‍കുമാര്‍, ഇന്ദ്രാണി എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണും പാന്‍മസാലകളും ഇവരുടെ പക്കല്‍ നിന്നു പിടികൂടി.
അതിര്‍ത്തിവഴി കുഴല്‍പ്പണവും സ്വര്‍ണവും കടത്തുന്നത് അടുത്തിടെയായി വ്യാപകമായിട്ടുണ്ട്. വാളയാറില്‍ നിന്നു രണ്ടുതവണയായി അനധികൃത സ്വര്‍ണം പോലിസ് പിടിച്ചെടുത്തിരുന്നു.
Next Story

RELATED STORIES

Share it