തമിഴ്‌നാട്ടില്‍ മല്‍സരിക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ

ചെന്നൈ: തമിഴ്‌നാട്ടില്‍ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ വിദ്യാര്‍ഥി കൂട്ടായ്മ ഒരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 വിദ്യാര്‍ഥികളാണ് പുതിയ മുന്നേറ്റത്തിന് തുടക്കമിടുന്നത്. ഓള്‍ തമിഴ്‌നാട് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നായിരിക്കും പ്രസ്ഥാനത്തിന്റെ പേരെന്ന് കോ-ഓഡിനേറ്റര്‍ നിയമ വിദ്യാര്‍ഥിയായ കെ മഹീന്ദര്‍ പറഞ്ഞു. രാഷ്ട്രീയത്തിലെ പതിവ് ശബ്ദങ്ങളില്‍ നിന്നു വ്യത്യസ്തമായിരിക്കും തങ്ങളുടേതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍, മല്‍സ്യത്തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. അഴിമതിക്കും അസഹിഷ്ണുതയ്ക്കുമെതിരായ പോരാട്ടമാണ് സംഘടനയുടെ മുഖ്യലക്ഷ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും തുടര്‍ച്ചയായി രണ്ടില്‍ കൂടുതല്‍ തവണ ആ പദവി അലങ്കരിക്കരുത്, കുടുംബ വാഴ്ചയില്‍ നിന്നു രാഷ്ട്രീയത്തെ മുക്തമാക്കുക, നോട്ടയ്ക്ക് 20 ശതമാനത്തില്‍ കൂടുതല്‍ വോട്ടുലഭിക്കുന്ന മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണം, തമിഴ് ജനതയ്ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തമിഴ്‌നാട് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി തിരഞ്ഞെടുപ്പ് പ്രകടനപത്രികയും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.
നിലവില്‍ 12 മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് തീരുമാനം. സംഘടനയ്ക്ക് വിദ്യാര്‍ഥികളില്‍ നിന്നും യുവജനങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതികരണം പരിശോധിച്ച് സ്ഥാനാര്‍ഥികളുടെ എണ്ണം കൂട്ടും. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ തങ്ങളില്ലെന്നും സന്നദ്ധ സംഘടനകളുടെ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തമിഴ്‌നാട് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it