തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സുപ്രിംകോടതി ഉത്തരവ് മറികടന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച് വിജ്ഞാപനമിറക്കിയത്. ജല്ലിക്കെട്ടിനിടെ അപകടം പതിവായ സാഹചര്യത്തിലാണ് സുപ്രിംകോടതി പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജല്ലിക്കെട്ട് നിരോധിച്ചത്.
നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുന്നതിനിടെയാണ് ക്രൂരമായ സാഹസിക വിനോദത്തിനു കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
വിനോദങ്ങളില്‍ പങ്കെടുപ്പിക്കുന്ന മൃഗങ്ങളുടെ പട്ടികയില്‍ നിന്നു കാളകളെ നീക്കം ചെയ്താണ് സര്‍ക്കാര്‍ ജല്ലിക്കെട്ടിനു കളമൊരുക്കുന്നത്. കേന്ദ്ര നടപടിയെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ സ്വാഗതം ചെയ്തു. നേരത്തേ ജല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
ജല്ലിക്കെട്ട് നടത്താന്‍ ഉപയോഗിക്കുന്ന കാളകള്‍ക്ക് വൈദ്യപരിശോധന നടത്തുക, ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേല്‍നോട്ടം വഹിക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളും വിജ്ഞാപനത്തിനൊപ്പം സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അതേസമയം, മൃഗസ്‌നേഹികള്‍ ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. 13ാം നൂറ്റാണ്ട് മുതല്‍ തമിഴ് ഗ്രാമങ്ങളില്‍ നടന്നുവരുന്ന പ്രധാന കായികവിനോദങ്ങളിലൊന്നാണ് ജല്ലിക്കെട്ട്.
Next Story

RELATED STORIES

Share it