തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ; അസമില്‍ ബിജെപി, പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം: ബംഗാളില്‍ തൃണമൂലിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷം

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ്സിനും തമിഴ്‌നാട്ടില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെക്കും തിളക്കമാര്‍ന്ന വിജയം. അസമില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി ഭരണം പിടിച്ചെടുത്തു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനാണു ജയം.
ബംഗാളിലെ 294 മണ്ഡലങ്ങളില്‍ തൃണമൂല്‍ 211 സീറ്റുകളോടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി. സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് 77 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസ് 44 സീറ്റിലും ഇടതുപക്ഷം 33 സീറ്റിലും ജയിച്ചു. കഴിഞ്ഞതവണത്തേക്കാള്‍ കോണ്‍ഗ്രസ്സിന് രണ്ട് സീറ്റുകള്‍ അധികമായി ലഭിച്ചെങ്കിലും ഇടതുപക്ഷത്തിന് 28 സീറ്റുകളാണു നഷ്ടപ്പെട്ടത്. കഴിഞ്ഞ നിയമസഭയില്‍ മൂന്ന് അംഗങ്ങളുണ്ടായിരുന്ന എന്‍ഡിഎ തങ്ങളുടെ പ്രാതിനിധ്യം ആറാക്കി ഉയര്‍ത്തി. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളില്‍ 232ല്‍ മാത്രമാണ് ഇന്നലെ വോട്ടെണ്ണല്‍ നടന്നത്. രണ്ടു മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നീട്ടിവച്ചിരിക്കുകയാണ്.
അണ്ണാ ഡിഎംകെക്ക് 134 സീറ്റുകള്‍ ലഭിച്ചു. ഇക്കുറി 15 സീറ്റുകള്‍ കുറഞ്ഞു. ഡിഎംകെ കഴിഞ്ഞ തവണത്തേക്കാള്‍ 67 സീറ്റുകള്‍ കൂടുതല്‍ നേടി അംഗസംഖ്യ 98 ആക്കി ഉയര്‍ത്തി. പിഎംകെ, ഡിഎംഡികെ കക്ഷികള്‍ക്ക് ഒരു സീറ്റും ലഭിച്ചില്ല. കഴിഞ്ഞ സഭയില്‍ പിഎംകെക്ക് മൂന്നും ഡിഎംഡികെക്ക് 48ഉം സീറ്റുകളുണ്ടായിരുന്നു. അസമില്‍ ബിജെപി സഖ്യം 86 സീറ്റുകള്‍ കരസ്ഥമാക്കി. കഴിഞ്ഞ തവണത്തേക്കാള്‍ 59 സീറ്റുകളാണ് അവര്‍ക്കു കൂടിയത്. കോണ്‍ഗ്രസ് സഖ്യത്തിന് ജയിക്കാന്‍ കഴിഞ്ഞത് 25 സീറ്റുകളില്‍ മാത്രം. കഴിഞ്ഞതവണ കോണ്‍ഗ്രസ് സഖ്യത്തിന് 78 സീറ്റുകള്‍ ലഭിച്ചിരുന്നു. എകെയുഡിഎഫ് സഖ്യത്തിന് അഞ്ച് സീറ്റുകള്‍ ഇക്കുറി കുറഞ്ഞു. 13 അംഗങ്ങളെ മാത്രമേ അവര്‍ക്ക് ജയിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ.
പുതുച്ചേരിയിലെ 30 സീറ്റുകളില്‍ ഭരണകക്ഷിയായിരുന്ന എന്‍ആര്‍ കോണ്‍ഗ്രസ്സിന് എട്ടെണ്ണം മാത്രമാണു ലഭിച്ചത്. കോണ്‍ഗ്രസ്സിന് 15ഉം ഡിഎംകെക്ക് രണ്ടും സീറ്റുകള്‍ കിട്ടി. 17 സീറ്റുകളോടെ സഖ്യത്തിനു കേവലഭൂരിപക്ഷം ലഭിച്ചു.
എഐഡിഎംകെ നാല് സീറ്റ് നേടി. 2011ലെ തിരഞ്ഞെടുപ്പില്‍ തനിച്ചു ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയ എന്‍ആര്‍ കോണ്‍ഗ്രസ്സിന് ഇക്കുറി പ്രകടനം ആവര്‍ത്തിക്കാനായില്ല.
Next Story

RELATED STORIES

Share it