തമിഴ്‌നാടുമായി ചര്‍ച്ചയെന്ന നിലപാട് സ്വാഗതം ചെയ്യുന്നു: പി ജെ ജോസഫ്

തൊടുപുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടുമായി ചര്‍ച്ച വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ ജലവിഭവമന്ത്രി പി ജെ ജോസഫ്. പക്ഷേ, കേരളത്തിന്റെ സുരക്ഷ എന്നത് അടിസ്ഥാനമാക്കിവേണം ഏതു ചര്‍ച്ചയും. അണക്കെട്ടിന് ബലക്ഷയമില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത് ഇതുസംബന്ധിച്ച വിദഗ്ധസമിതി റിപോര്‍ട്ടുകള്‍ പഠിച്ചശേഷം വേണമായിരുന്നു. ഇപ്പോഴത്തെ പ്രസ്താവന തമിഴ്‌നാടിനെ പരോക്ഷമായെങ്കിലും സഹായിക്കുന്നതാണ്. സുപ്രിംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗമായിരുന്ന ജസ്റ്റിസ് കെ ടി തോമസ് ഡാം സുരക്ഷിതമാണെന്ന നിലപാട് സ്വീകരിച്ചത് കേസില്‍ കേരളത്തിന് പ്രതികൂലമായെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായിയെ നേരിട്ട് വിമര്‍ശിക്കാതെ കണക്കുകള്‍ നിരത്തിയായിരുന്നു പി ജെ ജോസഫിന്റെ വാര്‍ത്താസമ്മേളനം. പിണറായിക്കെതിരായ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. മുഖ്യമന്ത്രി വസ്തുതകള്‍ മനസ്സിലാക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പി ജെ ജോസഫ് കൂട്ടിച്ചേര്‍ത്തു.
120 വര്‍ഷം പഴക്കമുള്ള ഡാം എത്ര ബലപ്പെടുത്തിയാലും സുരക്ഷിതമാവില്ല. സുപ്രിംകോടതി വിധി വന്ന 2014 മെയില്‍ തന്നെ കേരള നിയമസഭ ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് പഠനം നടത്തണം. സുപ്രിംകോടതി വിധിക്ക് ശേഷമാണ് വന്‍ കെടുതിവിതച്ച ചെന്നൈ പ്രളയമുണ്ടായത്. 24 മണിക്കൂറില്‍ പെയ്ത 30 സെ ന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ കെടുതിവിതച്ചത്. മുല്ലപ്പെരിയാര്‍ മേഖലയില്‍ 50 സെ.മീറ്റര്‍ മഴ ഒരുദിവസംകൊണ്ട് പെയ്യാമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയും 48 സെ.മീറ്റര്‍ വരെ പെയ്യാമെന്ന് കേന്ദ്ര ജലകമ്മീഷനും കണ്ടെത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അടങ്ങുന്ന പീരുമേട് താലൂക്കില്‍ 64 സെ.മീറ്റര്‍ മഴയ്ക്ക് വരെ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഇത്തരം പുതിയ സാഹചര്യങ്ങള്‍കൂടി വിലയിരുത്തി മുല്ലപ്പെരിയാറിന്റെ സുരക്ഷ കണക്കാക്കണം. അതുകൊണ്ടുതന്നെ സുപ്രിംകോടതി വിധി അവസാന വാക്കല്ല. ഭൂകമ്പം തരണംചെയ്യാനുള്ള സാങ്കേതികവിദ്യ ഇല്ലാതിരുന്ന കാലത്താണ് മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചത്. തേക്കടി, കൊടൈവല്ലൂര്‍ ഭ്രംശമേഖലയില്‍ റിക്റ്റര്‍ സ്‌കെയിലില്‍ 6.5 തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നും പഠനങ്ങളുണ്ട്. ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കിവേണം കേരളത്തിനുവേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍. പുതിയ ഡാം എന്ന കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ പ്രസക്തി ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ജോസഫ് ചൂണ്ടിക്കാട്ടി. കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it